പുള്ളിക്കാനത്തും കുരിശുനാട്ടി കൈയേറ്റം
text_fieldsകാഞ്ഞാർ: പുള്ളിക്കാനത്തും കുരിശുനാട്ടി കൈയേറ്റം. ഇലപ്പള്ളി വില്ലേജിൽപെട്ട പുള്ളിക്കാനത്തിന് സമീപത്തെ ഇടികുന്നിൽ ഭാഗത്താണ് 15 കുരിശുകൾ നാട്ടി കൈയേറ്റം നടത്തിയിരിക്കുന്നത്. സംഭവസ്ഥലം സന്ദർശിച്ച് തൊടുപുഴ തഹസിൽദാർ സോമനാഥൻ നായർ ഇലപ്പള്ളി വില്ലേജ് ഓഫിസർ മുരളീധരൻ എന്നിവർ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകി. പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ക്രിസ്ത്യൻ മതസംഘടനയാണ് കൈയേറ്റത്തിനുപിന്നിൽ.
ഇത് കൂടാതെ കാഞ്ഞാർ -പുള്ളിക്കാനം പാതയിൽ 305 സർവേ നമ്പറിൽ 22ാം ബ്ലോക്കിൽപെട്ട കുമ്പംകാനം ഭാഗത്തും കൈയേറ്റം നടത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശികളാണ് ഈ കൈയേറ്റത്തിനുപിന്നിൽ. വെള്ളോംകുന്നേൽ ഉണ്ണികുഞ്ഞ് എന്നയാളാണ് സർക്കാർ ഭൂമി കൈയേറിയിരിക്കുന്നത് എന്ന് റവന്യൂ അധികാരികൾ പറഞ്ഞു. കൈയേറ്റത്തിന് സമീപം ഇവർക്ക് രണ്ടേക്കർ പട്ടയഭൂമിയുണ്ട്. ഇതിന് സമീപത്തുള്ള ഭൂമിയാണ് കയ്യാല കെട്ടിയും കമ്പുകൾ നാട്ടിയും വളെഞ്ഞടുത്തിരിക്കുന്നത്.
കൈയേറ്റ പ്രദേശത്ത് കൃഷിയും ആരംഭിച്ചിട്ടുണ്ട്. കൈയേറി നിർമിച്ച കയ്യാല പൊളിക്കാൻ നിർദേശം നൽകി. ഒരുവിധ നിർമാണ പ്രവർത്തനങ്ങളും ഇവിടെ നടത്തരുതെന്നുകാണിച്ച് സ്റ്റോപ് മെമ്മോയും നൽകി. കൈയേറ്റത്തിന് എതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് ഇലപ്പള്ളി വില്ലേജ് ഓഫിസർ മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.