ഉറ്റചങ്ങാതിമാരുടെ ഒത്തുചേരലിൽ അതിഥിയായി മരണമെത്തി; കണ്ണീർക്കയത്തിൽ അത്താഴക്കുന്ന്
text_fieldsകക്കാട് (കണ്ണൂർ): ഉറ്റസുഹൃത്തുക്കളായ റമീസും അസറുദ്ദീനും സഹദും സൗഹൃദം പങ്കുവെക്കാൻ പുല്ലൂപ്പിക്കടവ് കല്ലുകെട്ട് ചിറയിൽ മീൻപിടിച്ച് സന്തോഷത്തോടെ നടത്തിയ തോണിയാത്രയിൽ നിനച്ചിരിക്കാത്ത അതിഥിയായി മരണം വിരുന്നെത്തി. ഗൾഫിൽ ജോലിക്കിടെ അവധിക്ക് നാട്ടിലെത്തിയ അസറുദ്ദീൻ മറ്റുരണ്ടുപേരോടുമൊപ്പം ഞായറാഴ്ച വൈകീട്ടാണ് പുഴയിൽ തോണിയാത്ര നടത്തിയത്.
തുരുത്തി വള്ളുവംകടവ് ഭാഗത്തുനിന്ന് തോണിയിൽ മൂവരും ഒരുമിച്ച് നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ ഞായറാഴ്ച വൈകീട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. രാത്രി വൈകിയും ഇവരെ കാണാതായതോടെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ സഞ്ചരിച്ച തോണിമറിഞ്ഞതായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മീൻപിടിക്കാനെത്തിയവർ യുവാക്കളുടെ ഇരുചക്രവാഹനങ്ങളും ചെരിപ്പുകളും കണ്ടെത്തി. തിരച്ചിലിൽ കൊളപ്പാലയിലെ റമീസ് (24), കെ.പി. ഹൗസിൽ അഷർ എന്ന അസറുദ്ദീൻ (24) എന്നിവരുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന സഹദിന്റെ (24) ഇനിയും കണ്ടെത്തിയിട്ടില്ല.
തളിപ്പറമ്പ്, മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിൽനിന്നായി മൂന്ന് ഡിവിഷൻ ഫയർ ഫോഴ്സ് ജീവനക്കാരും നീന്തൽ വിദഗ്ധരുമെത്തിയാണ് തിരച്ചിൽ നടത്തിയത്. കൊച്ചിയിലെ നാവിക സംഘത്തിന്റെയും ആയിക്കരയിലെ മത്സ്യത്തൊഴിലാളികളുടെയും സഹായംതേടിയിരുന്നു. ഉച്ചയോടെയാണ് അസറുദ്ദീന്റെ മൃതദേഹം കണ്ടെത്തിയത്.
സഹദ് നാട്ടിൽ ഡ്രൈവറും റമീസ് ഒരു സ്പോർട്സ് കടയിലെ ജീവനക്കാരനുമാണ്. അസറുദ്ദീന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ നഗരസഭ മുൻ കൗൺസിലറായ മമ്മൂട്ടി അശ്രഫിന്റെയും സബിയയുടെയും മകനാണ് അസറുദ്ദീൻ. സഹോദരങ്ങൾ: നദീർ, അഫ്രീദ്, അജ്മൽ, അമീർ.
റമീസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ അത്താഴക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹദിനായുള്ള തിരച്ചിൽ ചൊവ്വാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.