ഹര്‍ത്താലില്ല; പുല്ലുവഴിയും വല്ലവും വേറിട്ട വഴിയില്‍
text_fieldsപെരുമ്പാവൂര്‍: ഹര്‍ത്താലിന് ‘ഹര്‍ത്താല്‍’ പ്രഖ്യാപിച്ച് മാതൃക കാട്ടി എറണാകുളം പെരുമ്പാവൂരിലെ പുല്ലുവഴിയും വല്ലം ജങ്ഷനും. ഏത് പാര്‍ട്ടി ഹര്‍ത്താല്‍ ആഹ്വാനം ചെയ്താലും ഇവിടെ എല്ലാവരും കടകള്‍ തുറക്കുമെന്ന ദൃഢനിശ്ചയത്തിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ല. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുമായി ബന്ധമുള്ള നാടുകൂടിയായ പുല്ലുവഴിയില്‍ 15 വര്‍ഷത്തോളമായി തുടരുന്ന പതിവ് വ്യാഴാഴ്ചയും മുടങ്ങിയില്ല. അടുത്തകാലം മുതലാണ് വല്ലം ജങ്ഷനിലെ വ്യാപാരികളും പുല്ലുവഴിയുടെ പാത പിന്തുടരാന്‍ തുടങ്ങിയത്. ഹര്‍ത്താല്‍ പ്രഖ്യാപനം വന്നാല്‍ കടകള്‍ തുറക്കരുതെന്ന മുന്നറിയിപ്പുമായി ഇവിടേക്ക് പ്രവര്‍ത്തകരാരും എത്താറില്ല. ഹര്‍ത്താല്‍ ദിവസം നടത്തുന്ന പ്രകടനങ്ങളും വഴിമാറി പോവുകയാണ് പതിവ്. കടകള്‍ മാത്രമല്ല പുല്ലുവഴിയിലും വല്ലം ജങ്ഷനിലും ഓട്ടോറിക്ഷകളും ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വിസുമായി രംഗത്തുണ്ടാകും.
പുല്ലുവഴിയില്‍ തുടക്കമിട്ട ഹര്‍ത്താല്‍ ബഹിഷ്കരണത്തിന് തുടക്കത്തില്‍ എതിര്‍പ്പുകളും കടകള്‍ അപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായെങ്കിലും നാട്ടുകാര്‍ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രീയ നേതൃത്വങ്ങളും മുട്ടുമുടക്കി. ഇപ്പോള്‍ വല്ലം ജങ്ഷനിലും കടകളടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലപ്രയോഗം നടത്താറില്ളെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു. തെക്ക്, പടിഞ്ഞാറ് മേഖലയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും വടക്ക് ഭാഗങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ക്ക് വല്ലം ജങ്ഷനിലെ കടകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ തുറക്കുന്നത് ഏറെ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.