പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം സാമൂഹിക വിരുദ്ധ താവളം
text_fieldsപുൽപള്ളി: പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിനായി മൂന്നു കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം ഉപയോഗപ്പെടുത്താൻ നടപടിയില്ല. നാലു വർഷം മുമ്പ് നിർമിച്ച കെട്ടിടം കാടുമൂടി സാമൂഹിക വിരുദ്ധരുടെ താവളമായി. നിലവിലെ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിലാണ്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമിച്ചത്.
പനമരം ബ്ലോക്ക് പഞ്ചായത്താണ് ആശുപത്രി കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 2020 മേയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കെട്ടിടം നിർമിച്ച് ആദ്യത്തെ കുറേ നാൾ കോവിഡ് സെന്ററാക്കിയിരുന്നു. അന്ന് ഇവിടെയെത്തിച്ച ഓക്സിജൻ സിലിണ്ടറുകൾ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കാടുമൂടിയ നിലയിൽ കിടക്കുകയാണ്.
ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നു നിലകളിലായി പുതിയ കെട്ടിടം നിർമിച്ചത്. ഇപ്പോൾ ആശുപത്രി പരിസരമാകെ കാടുമൂടി. രാത്രികാലങ്ങളിൽ ലഹരിസംഘങ്ങളുടെ താവളവുമാണ്. ഡയാലിസിസ് യൂനിറ്റ്, ഐ.സി.യു, കിടത്തി ചികിത്സ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം താഴെ അങ്ങാടിയിൽ പണിതത്. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ആളുകൾക്ക് ആശ്രയമാകേണ്ട ആശുപത്രി കെട്ടിടം പ്രവർത്തനസജ്ജമാകാത്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇവിടെ ഉറപ്പുവരുത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നു.
എന്നാൽ ഡോക്ടർമാരുടെ ക്ഷാമം, കൂടുതൽ ജീവനക്കാരുടെ നിയമനം എന്നിവയുടെയെല്ലാം പേരിലാണ് പുതിയ സ്ഥലത്തേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റാത്തത്.
ആശുപത്രി പ്രവർത്തനക്ഷമമാക്കണം എന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. നിലവിലെ ആശുപത്രി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.