തുടർച്ചയായി ജാമ്യഹരജി നൽകിയതിന് പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് കോടതി
text_fieldsകൊച്ചി: തുടർച്ചയായി ജാമ്യഹരജി നൽകിയതിന് നടി ആക്രമണ കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് ഹൈകോടതിയുടെ പിഴ ശിക്ഷ. ഒരു ജാമ്യഹരജി തള്ളി മൂന്നുദിവസം കഴിഞ്ഞപ്പോള്‍തന്നെ വീണ്ടും ഫയല്‍ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ 25,000 രൂപ പിഴ ചുമത്തിയത്. തുടര്‍ച്ചയായി ജാമ്യഹരജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി ആരോ കര്‍ട്ടന് പിന്നിലുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഏഴുവര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി വിവിധ അഭിഭാഷകര്‍ വഴി ഹൈകോടതിയില്‍ മാത്രം 10 തവണയാണ് ജാമ്യഹരജി നൽകിയത്. രണ്ടുതവണ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പ്രതി ലീഗല്‍ സർവിസസ് അതോറിറ്റി സഹായത്തോടെയല്ല, സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകര്‍ വഴിയാണ് ജാമ്യഹരജി നൽകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നില്‍ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. നടി ആക്രമണസംഭവത്തിനു പിന്നില്‍തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണമുള്ളതും കോടതി ചൂണ്ടിക്കാട്ടി. ഒരു ജാമ്യഹരജി തള്ളിയാല്‍ സാഹചര്യങ്ങളില്‍ മാറ്റമുണ്ടെങ്കിലേ വീണ്ടും നൽകാവൂ എന്നാണ് നിയമം.
പള്‍സര്‍ സുനി ഏപ്രില്‍ 16ന് ഫയല്‍ ചെയ്ത ജാമ്യഹരജി മേയ് 20ന് തള്ളിയിരുന്നു. ഇതിനുപിന്നാലെ മേയ് 23ന് വീണ്ടും നൽകിയതാണ് കോടതി പിഴശിക്ഷ വിധിക്കാൻ കാരണം. അമിക്കസ്ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരുമാസത്തിനകം ലീഗല്‍ സര്‍വിസ് അതോറിറ്റിയിൽ പിഴത്തുക അടക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.