പൊലീസ് മറുപടി പറയട്ടെയെന്ന് പള്‍സർ സുനി
text_fieldsഅങ്കമാലി: നടന് ദിലീപിനുവേണ്ടി തനിക്ക് നാദിര്‍ഷ പണം കൈമാറിയതായി പറയുന്ന സംഭവത്തില്‍ പൊലീസ് മറുപടി പറയട്ടെയെന്ന് കേസിലെ മുഖ്യപ്രതി പള്‍സർ സുനി. പൊലീസ് എന്താണ് പറഞ്ഞതെന്നും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടുമില്ല.
അതിനാല്‍ പൊലീസാണ് അക്കാര്യത്തില്‍ മറുപടി പറയേണ്ടതെന്നായിരുന്നു സുനിയുടെ മറുപടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിെനത്തുടര്ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയശേഷം മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുനില്‍കുമാര്‍ എന്ന പള്‍സർ സുനി. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ ദിലീപ് നിര്‍ദേശിച്ചതനുസരിച്ച് നാദിര്‍ഷ 25,000 രൂപ തനിക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥരോട് സുനി പറഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ദിലീപ് പറഞ്ഞിട്ടാണ് സുനില്‍കുമാറിന് പണം നല്‍കിയതെന്ന് മൊഴി നല്കാന് അന്വേഷണസംഘം തന്നെ പ്രേരിപ്പിച്ചതായി നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ശക്തമായ പൊലീസ് സുരക്ഷയിലാണ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്.
മാധ്യമപ്പടയും കോടതി പരിസരത്ത് കേന്ദ്രീകരിച്ചിരുന്നു. മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പ്രതിയെ പൊലീസ് ബലമായി ജീപ്പില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു.
സുനിയുടെ റിമാന്‍ഡ് വീണ്ടും നീട്ടി
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സർ സുനിയെന്ന സുനില്‍കുമാറിെൻറ റിമാന്‍ഡ് അങ്കമാലി കോടതി വീണ്ടും 15 ദിവസത്തേക്ക് നീട്ടി. രാവിലെ 10.30 ഓടെയാണ് സുനിയെയും കൂട്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്. പള്‍സര്‍ സുനിയെ തൃശൂര്‍ വിയ്യൂര്‍ സബ് ജയിലില്‍നിന്നും കൂട്ടുപ്രതികളായ ഏഴുപേരെ കാക്കനാട് ജില്ല ജയിലില്‍നിന്നുമാണ് കോടതിയില്‍ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.