നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ജയിൽമോചിതനായി, ജാമ്യം കർശന വ്യവസ്ഥകളോടെ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിലിൽനിന്ന് പുറത്തിറങ്ങി. കേസിൽ അറസ്റ്റിലായി ഏഴരവര്‍ഷത്തിന് ശേഷമാണ് പൾസർ സുനിക്ക് കൊച്ചിയിലെ വിചാരണക്കോടതി ജാമ്യമനുവദിച്ചത്. പ്രതിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണമെന്ന് നിർദേശിച്ച കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ജാമ്യ കാലയളവിൽ ഒരു സിം മാത്രമേ ഉപയോഗിക്കാവൂ. നമ്പർ കോടതിയെ അറിയിക്കണം. സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുതെന്നും ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനു പുറമെ രണ്ട് ആൾജാമ്യത്തിലുമാണ് സുനി പുറത്തിറങ്ങുന്നത്.
നേരത്തെ സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനായിരുന്നു സുപ്രീംകോടതി നിർദേശം. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കടുത്ത ജാമ്യവ്യവസ്ഥ വേണമെന്ന ആവശ്യം സംസ്ഥാന സർക്കാരിന് ഉന്നയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. വ്യവസ്ഥകളുടെ മേലുള്ള വാദത്തിനൊടുവിലാണ് ഇന്ന് വിട്ടയച്ചത്.
2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന നടിയുടെ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് നിർത്തുകയും പൾസർ സുനിയും സംഘവും കാറിനുള്ളിൽ കയറി നടിയെ ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ മാർട്ടിൻ ആന്റണിയെ അന്നുതന്നെ അറസ്റ്റ് ചെയ്തു. പൾസർ സുനിയും സുഹൃത്തായ വിജീഷും സംഭവത്തിനുശേഷം ഒളിവിൽ പോയി.
ഒരാഴ്ചക്കു ശേഷം പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോൾ പൊലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മാർച്ച് 10ന് സുനിയെയും വിജീഷിനെയും റിമാൻഡ് ചെയ്തു. ഇടയ്ക്ക് പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി ഏതാനും മണിക്കൂറുകൾ ഇളവ് അനുവദിച്ചത് ഒഴിച്ചാൽ അന്നു മുതൽ പൾസർ സുനി ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.