പുൽവാമ: കേന്ദ്ര സർക്കാർ സത്യം പൊതുജനങ്ങളോട് തുറന്ന് പറയണമെന്ന് ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകളിൽ കേന്ദ്ര സർക്കാർ സത്യം പൊതുജനങ്ങളോട് തുറന്ന് പറയുകയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്ന് ഡി.വൈ.എഫ്.ഐ. കഴിഞ്ഞ ദിവസം 'ദ വയർ' പുറത്ത് വിട്ട മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കും കരൺ ഥാപ്പറും തമ്മിൽ നടന്ന അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്.
പുൽവാമ ആക്രമണസമയത്ത് കേന്ദ്രസർക്കാർ സാഹചര്യം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകൾ സൂചിപ്പിച്ചപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് നിശബ്ദനായിരിക്കാൻ ആവശ്യപ്പെട്ടുവെന്ന് സത്യപാൽ മാലിക് വെളിപ്പെടുത്തി.
സത്യപാൽ മാലിക് അതിഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് പുൽവാമ ആക്രമണം നടക്കാൻ കാരണമായതെന്ന് പറഞ്ഞു. ഇന്റലിജൻസ് ഏജൻസികൾ പൂർണമായും പരാജയപ്പെടുകയും സൈനിക വാഹന വ്യൂഹം സഞ്ചരിച്ച ഹൈവേയിലേക്കുള്ള ലിങ്ക് റോഡുകൾ തടഞ്ഞില്ലെന്നും കേന്ദ്ര സർക്കാറിന്റെ വീഴ്ചയാണ് ആക്രമത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സത്യപാൽ മാലികിന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തി സത്യം വെളിച്ചത്ത് കൊണ്ട് വരണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈ വെളിപ്പെടുത്തലുകളിൽ സമഗ്രമായ അന്വേഷണം ഉടനടി നടത്തി പൊതുജനങ്ങൾക്ക് മുമ്പിൽ സത്യം വെളിപ്പെടുത്തണം. പുൽവാമ ആക്രമണവും ജവാൻമാരുടെ ദാരുണ മരണവും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി അന്ന് വ്യക്തമായി ഉപയോഗിച്ചു. രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുന്നതിനായി ദേശീയ സുരക്ഷ അപകടത്തിലാക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്, അത് ഒരു തലത്തിലും വെച്ചുപൊറുപ്പിക്കരുത്.
ദേശീയതയെ എപ്പോഴും കവചമായും തന്ത്രമായും ഉപയോഗിക്കുന്ന സംഘപരിവാറിന്റെ യഥാർഥ മുഖം ഈ അഭിമുഖത്തിലൂടെ ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണ്. ദേശീയ സുരക്ഷ എന്നത് ജവാന്മാരുടെയും ജനങ്ങളുടെയും ജീവിതമാണ് ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കാതെ ബി.ജെ.പിയും കേന്ദ്ര സർക്കാറും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നടത്തുന്ന കാപട്യങ്ങളാണ് ഈ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.