കുടിശ്ശിക കുന്നുകൂടുന്നു; പൊലീസിന് ഇന്ധനം നൽകുന്നത് നിർത്താനൊരുങ്ങി പമ്പുകൾ
text_fieldsകൊച്ചി: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയതിന്റെ കുടിശ്ശിക കോടികളിലേക്ക് കടന്നതോടെ പമ്പ് ഉടമകൾ കടുത്ത നടപടിയിലേക്ക്. കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസിന് ഡീസൽ നൽകുന്നത് വീണ്ടും നിർത്തിവെക്കാനൊരുങ്ങുകയാണ് പമ്പുകൾ. ഫെബ്രുവരി മുതലുള്ള കുടിശ്ശിക കിട്ടാതെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തുടരാനാവില്ലെന്ന നിലപാടിലാണ് പമ്പ് ഉടമകൾ.
ഏഴു മാസത്തെ ഡീസൽ തുക കുടിശ്ശികയായതോടെ കഴിഞ്ഞ ജനുവരിയിൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് പമ്പുകൾ നിർത്തിവെക്കുകയും ജില്ല പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകുകയും ചെയ്തിരുന്നു. തുടർന്ന്, ഫെബ്രുവരിവരെയുള്ള കുടിശ്ശിക തീർത്തതോടെയാണ് ഇന്ധന വിതരണം പുനരാരംഭിച്ചത്. എന്നാൽ, അതിനുശേഷമുള്ള തുക വീണ്ടും കുടിശ്ശികയായി.
ഒരു പമ്പിൽ മൂന്ന് മുതൽ അഞ്ചു ലക്ഷം വരെയാണ് കുടിശ്ശിക. സംസ്ഥാനത്തെ 60 ശതമാനം പമ്പുകളിൽനിന്നും പൊലീസ് വാഹനങ്ങൾക്ക് പ്രതിമാസം അര ലക്ഷം രൂപ മുതലുള്ള തുകക്ക് ഇന്ധനം നൽകുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തെ കുടിശ്ശികയിനത്തിൽ കോടികളാണ് പമ്പുകൾക്ക് കിട്ടാനുള്ളത്. ഇക്കാര്യം പലതവണ പൊലീസ് അധികാരികളുടെയും സർക്കാറിന്റെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് പമ്പ് ഉടകൾ പറയുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നാലു മാസത്തെയെങ്കിലും കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാനാണ് പമ്പ് ഉടമകൾ ആലോചിക്കുന്നത്.
വിഷയം ചർച്ച ചെയ്യാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജൂലൈ 17ന് അടിയന്തര യോഗം ചേരുന്നുണ്ട്. ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് സംസ്ഥാന ട്രഷറർ മൈതാനം വിജയൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനിലും രണ്ട് വാഹനമെങ്കിലുമുണ്ട്. ഒരു വാഹനത്തിന് പ്രതിമാസം പരമാവധി 200 ലിറ്റർ ഡീസലാണ് അനുവദിച്ചിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് ഈ പരിധി ബാധകമല്ല.
മുൻ കാലങ്ങളിൽ തുക അതത് മാസം തന്നെ പമ്പുകൾക്ക് നൽകുകയായിരുന്നു പതിവ്. പമ്പിൽ കുടിശ്ശിക വർധിച്ചതോടെ വാഹനങ്ങളുടെ ഓട്ടം നിയന്ത്രിക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് പൊലീസുകാരും പറയുന്നു.
ഇത് കേസ് അന്വേഷണമടക്കം ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ധനച്ചെലവ് പരമാവധി കുറക്കണമെന്ന മേലുദ്യോഗസ്ഥരുടെ നിർദേശവും പൊലീസുകാർക്ക് സമ്മർദം സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.