പുതുവർഷത്തിൽ പുനലൂർ നഗരസഭ സ്മാർട്ട്
text_fieldsപുനലൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് പുനലൂർ നഗരസഭയിലും നിലവിൽ വന്നു. കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാകും.
ആദ്യ ഘട്ടത്തിൽ ജനന -മരണ വിവാഹ രജിസ്ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ, വസ്തു നികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ് സിസ്റ്റം, ഫിനാൻസ് മൊഡ്യൂൾ, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളാകും കെ- സ്മാർട്ടിലൂടെ ലഭ്യമാവുക. ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് വിഡിയോ കെ.വൈ.സിയും പൂർത്തിയാക്കുന്നതോടെ വിവാഹ രജിസ്ട്രേഷൻ ഉൾപ്പടെ കാര്യങ്ങൾ വിദേശത്തിരുന്ന് തന്നെ ചെയ്യാം. കെ- സ്മാർട്ട് മൊബൈൽ ആപ്പിലൂടെയും സേവനങ്ങൾ ലഭ്യമാകും.
മുനിസിപ്പൽതല ഉദ്ഘാടനം നഗരസഭ ഓഫീസിൽ വൈസ് ചെയർമാൻ ഡി. ദിനേശൻ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ വസന്ത രഞ്ജൻ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയപിള്ള, മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബിനോയ് രാജൻ, യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, മുൻ ചെയർപേഴ്സൺ നിമ്മി എബ്രഹാം എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എസ്. സുമയ്യ ബീവി പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.