ആകാശവാണിയിലെ ആദ്യ കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍ 91ന്റെ നിറവില്‍
text_fieldsകഥാപ്രസംഗ രംഗത്ത് 66 വര്‍ഷം പൂര്‍ത്തിയാക്കിയ പുനലൂര്‍ തങ്കപ്പന്‍ ഗ്രാമഫോണില്‍ ആദ്യമായി കഥാപ്രസംഗം റിക്കോര്‍ഡ് ചെയ്ത് പുറത്തിറക്കിയ കാഥികനാണ്. 2022 മെയ് 10നാണ് തങ്കപ്പന് 91 തികഞ്ഞത്. തങ്കപ്പന്‍ ശിഷ്ടജീവിതം നയിക്കുന്നത് പത്തനാപുരം ഗാന്ധിഭവനിലാണ്. കാഥികയായിരുന്ന ഭാര്യ പൂവത്തൂര്‍ പൊന്നമ്മ രണ്ടു വൃക്കകളും തകരാറിലായി മരിച്ചതിനെ തുടര്‍ന്ന് തങ്കപ്പന്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ ക്ഷണപ്രകാരമാണ് 2019 നവംബര്‍ 30ന് ഗാന്ധിഭവനില്‍ എത്തിയത്. ഇവര്‍ക്കു മക്കളില്ല. ഭാര്യയെ പരിചരിച്ചിരുന്ന അജിതക്ക് സ്വന്തം വീടും സ്ഥലവും എഴുതിക്കൊടുത്തു. മൃദംഗ വിദ്വാനായിരുന്ന കേശവനാശാന്റെയും പാര്‍വതിയുടെയും 10 മക്കളില്‍ രണ്ടാമനായ തങ്കപ്പന്‍ പത്താം ക്ലാസ് കഴിഞ്ഞ് മൃദംഗവാദനം, നാടകം എന്നിവയിലൂടെയാണ് കലാജീവിതം തുടങ്ങിയത്. ഗഞ്ചിറ, ഹാര്‍മോണിയം, ബാന്‍സോ എന്നിവയും അദ്ദേഹം വായിക്കുമായിരുന്നു. 13 ാം വയസില്‍ തങ്കപ്പന്‍ ആദ്യമായി 'ഭക്തനന്ദനാര്‍' എന്ന കഥ പുനലൂരിലാണ് പറഞ്ഞത്. പുനലൂര്‍ നവയുഗ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്, അഷ്ടമംഗലം പബ്ലിക് ലൈബ്രറി എന്നിവയിലെ കലാകാരനായിരുന്നു. 1960 മുതല്‍ എച്ച്.എം.വി ചെന്നൈ സ്റ്റുഡിയോയിലാണ് ഭക്തനന്ദനാര്‍, നല്ല കുടുംബം, കുടുംബാസൂത്രണം എന്നീ കഥാപ്രസംഗങ്ങള്‍ ഗ്രാമഫോണില്‍ റെക്കോര്‍ഡു ചെയ്തത്. ഭക്തനന്ദനാര്‍ നാനൂറ് വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായ തങ്കപ്പന്‍ നല്ല കുടുംബം, അശ്വത്ഥാമാവ്, കുടുംബാസൂത്രണം, ഗുരുവന്ദനം, വേളാങ്കണ്ണിമാതാ, വേലുത്തമ്പിദളവ തുടങ്ങി 30ലേറെ കഥകള്‍ 2000ലേറെ വേദികളില്‍ അവതരിപ്പിച്ചു. ഏറ്റവും ഒടുവില്‍ രണ്ടു വര്‍ഷം മുമ്പ് വേലുത്തമ്പി ദളവ എന്ന കഥ അവതരിപ്പിച്ചത് 40 തവണ ആകാശവാണി പുനഃപ്രക്ഷേപണം ചെയ്തു. ഇതിനിടയില്‍ ജീസസ്, പുത്രകാമേഷ്ടി, സംഭവാമി യുഗേ യുഗേ, മനുഷ്യ ബന്ധങ്ങള്‍, സ്നേഹദീപമേ മിഴി തുറക്കൂ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നതായി തങ്കപ്പന്‍ 'മാധ്യമ'ത്തോടു പറഞ്ഞു. 2013ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചു. ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവം അവാര്‍ഡ്, നവോത്ഥാന കലാവേദി സംസ്ഥാന കമ്മിറ്റി അവാര്‍ഡ്, ജവഹര്‍ ബാലകലാഭവന്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. പുനലൂര്‍ നഗരസഭ അദ്ദേഹത്തെ നിരവധി തവണ ആദരിച്ചിട്ടുണ്ട്. ചലച്ചിത്ര നടന്‍ ടി.പി. മാധവന്‍, ആകാശവാണിയിലെ അനൗണ്‍സറും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന കെ. ആര്‍ ചന്ദ്രമോഹന്‍ എന്നിവരോടൊപ്പം ഗാന്ധിഭവനില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പുനലൂര്‍ തങ്കപ്പന്‍ നേതൃനിരയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.