‘പുനർഗേഹം’ മത്സ്യത്തൊഴിലാളികൾ പെരുവഴിയാവുന്നു
text_fieldsകോഴിക്കോട്: തീരദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന ‘പുനർഗേഹം’ പദ്ധതി ഗുണഭോക്താക്കൾക്കുള്ള പെരുവഴിയായിമാറുന്നു. സർക്കാർസഹായം പ്രതീക്ഷിച്ച് കടൽതീരത്തെ വീട് ഉപേക്ഷിക്കാൻ തയാറായവരാണ് പണം ലഭിക്കാതെ പ്രയാസപ്പെടുന്നത്. വീട് നിർമിക്കാൻ സ്ഥലം വാങ്ങിയവർക്ക് സർക്കാർ സഹായം ലഭിക്കാത്തത് കാരണം പണം നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാൻപോലും കഴിയുന്നില്ല. വീടുനിർമാണം തുടങ്ങിയവരും തുടർഗഡു ലഭിക്കാതെ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.
മൂന്ന് സെന്റ് സ്ഥലംവാങ്ങി വീടുനിർമിക്കാൻ 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. സ്ഥലം വാങ്ങാൻ ആറ് ലക്ഷവും വീട് വെക്കാൻ നാലു ലക്ഷവും. സ്ഥലം കണ്ടെത്തി വില നിശ്ചയിച്ച് എഗ്രിമെന്റ് തയാറാക്കി ഫിഷറീസ് വകുപ്പിന് സമർപ്പിച്ചതിനുശേഷമാണ് മത്സ്യത്തൊഴിലാളികൾക്ക് വീടിന് സ്ഥലംവാങ്ങാൻ അനുമതി ലഭിക്കുക. ഇങ്ങനെ അനുമതി ലഭിച്ച് സ്ഥലം കച്ചവടമാക്കിയവർ സ്ഥലം ഉടമകൾക്ക് പണം കൈമാറി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാതെ നട്ടം തിരിയുകയാണ്. പണം തിരിച്ചുകൊടുക്കാനാവാതെ സ്ഥലം നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും പലരും എഗ്രിമെന്റ് തിരികെ ആവശ്യപ്പെടുന്നത് വരുന്നത് പ്രയാസമുണ്ടാക്കുന്നതായും ഗുണഭോക്താക്കൾ പറഞ്ഞു.
പലതവണ തീയതി നിശ്ചയിച്ചിട്ടും രജിസ്ട്രേഷൻ മുടങ്ങി വലഞ്ഞ ഗുണഭോക്താക്കൾ കഴിഞ്ഞ ആഴ്ച പ്രതിഷേധവുമായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ എത്തിയിരുന്നു. ഉടൻപണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞ് അധികൃതർ ഇവരെ തിരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം ഇത്തരത്തിൽ 125 പേരാണ് പണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്. പദ്ധതിയിൽനിന്ന് പണം ലഭിക്കാൻ വൈകിയതുകാരണം ബേപ്പൂരിൽ കഴിഞ്ഞ ദിവസം ഒരു മത്സ്യത്തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി റിയാസിന്റെ ഓഫിസ് ഇടപെട്ട് ഫണ്ട് ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.
തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിതമേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതാണ് ‘പുനർഗേഹം’. 8743 കുടുംബങ്ങളാണ് സുരക്ഷിതമേഖലയിൽ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും തടഞ്ഞുവെക്കുമെന്ന ഉദ്യോഗസ്ഥരുടെ ഭീഷണിക്കു വഴങ്ങിയാണ് ഭൂരിഭാഗംപേരും തീരദേശം വിടാൻ തയാറായതെന്നും എന്നിട്ടും സർക്കാർ സഹായം നൽകാത്തത് വഞ്ചനയാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.