വൈകിയെത്തൽ: സെക്രേട്ടറിയറ്റിലെ കൂട്ട കാരണംകാണിക്കൽ നോട്ടീസ് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ വൈകിയെത്തിയതിന് ഉന്നത ഉദ്യോഗസ്ഥർ അടക്കം 1500ഒാളം ജീവനക്കാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിച്ചു. ചീഫ് സെക്രട്ടറിയും അഡീഷനൽ ചീഫ് സെക്രട്ടറിമാരും നോട്ടീസ് പുറപ്പെടുവിച്ച പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹയുമടക്കം വൈകിയെത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതോടെ നടപടിയെടുക്കാൻ കഴിയാത്ത സ്ഥിതിയിലായി അധികൃതർ. ജീവനക്കാരുടെ സംഘടനകൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നോട്ടീസ് പിൻവലിച്ചത്.
പഞ്ചിങ് സംബന്ധിച്ച ആദ്യ റിപ്പോർട്ടാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. പൊതുഭരണ വകുപ്പിെൻറ നടപടി ജീവനക്കാർക്കിടയിലും വലിയ തമാശയായി മാറി. തീരെ വ്യക്തതയില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
രാവിലെ 10.15ന് ശേഷം വൈകിയെത്തിയവരുടെ പേരുകളാണ് ലിസ്റ്റിൽ. വൈകിയെത്തിയ ഒാരോ ദിവസവും അര ദിവസം ലീവാക്കി മാറ്റുമെന്നും കാരണമുണ്ടെങ്കിൽ അറിയിക്കാനുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. പഞ്ചിങ് ഏർപ്പെടുത്തിയപ്പോൾ ചില ഇളവുകൾ നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. 180 മിനിറ്റ് വരെ മാസത്തിൽ ഇളവ് നൽകാനും അതിനു ശേഷം മൂന്ന് വൈകലിന് ഒരു അവധിയെന്നുമാണ് ധാരണയെന്നും ജീവനക്കാർ പറയുന്നു. വൈകിയെത്തിയാലും ശരാശരി ഏഴു മണിക്കൂർ ജോലി ഉറപ്പാക്കണം. ഇതൊന്നും പരിഗണിക്കാതെയാണ് ഉത്തരവിറക്കിയത്. ഇതോടെ പൊതുഭരണ സെക്രട്ടറിതന്നെ ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു.
പുതിയ ഉത്തരവ് നേരത്തേ ഉണ്ടായ ധാരണകളുടെ ലംഘനമാണെന്ന് ജീവനക്കാർക്ക് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ചത്. ലിസ്റ്റ് സമഗ്രമായി പരിശോധിക്കാൻ പൊതുഭരണ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കൂടുതൽ വ്യക്തതയോടെ മാത്രമേ പഞ്ചിങ് കാര്യത്തിൽ ഉത്തരവുണ്ടാകൂ എന്ന് അധികൃതർ പറയുന്നു.
ജനുവരി ഒന്നു മുതലാണ് പഞ്ചിങ് ശമ്പളവുമായി ബന്ധിപ്പിച്ചത്. ചീഫ് സെക്രട്ടറി ഒരു ദിവസമാണ് വൈകിയെത്തിയത്. പൊതുഭരണ സെക്രട്ടറി മൂന്നു ദിവസം വൈകി. ചീഫ് സെക്രട്ടറിമാരും െഎ.എ.എസുകാരും അഡീഷനൽ സെക്രട്ടറിമാരും അടക്കം ഉന്നത ഉദ്യോഗസ്ഥരെല്ലാം പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.