ജയിൽ ജീവനക്കാരും നിരീക്ഷണത്തിലാണ്; തോന്നുംപടി വരവും പോക്കും നടക്കില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ പഞ്ചിങ് സംവിധാനവും നിരീക്ഷണ കാമറകളും സ്ഥാപിക്കാൻ നടപടിയായി. ജയിൽ ജീവനക്കാരുടെ വരവും പോക്കും ഹാജർനിലയും നിരീക്ഷിക്കാൻ സംവിധാനമൊരുക്കുകയാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സർക്കുലർ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് പുറപ്പെടുവിച്ചു. മുമ്പ് ജയിൽ ജീവനക്കാർ പരസ്പരം ‘അഡ്ജസ്റ്റ് ചെയ്ത്’ േജാലിക്കിടയിൽ പുറത്തുപോകുന്ന രീതിയാണുണ്ടായിരുന്നത്. അത് ഇനി നടക്കില്ലെന്നാണ് പുതിയ നിർദേശത്തിൽനിന്ന് വ്യക്തമാകുന്നത്.
ജീവനക്കാരുടെ ഹാജർനില കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ആദ്യഘട്ടത്തിൽ ജില്ല ജയിൽ, അതിസുരക്ഷാജയിൽ, വനിതാജയിൽ, സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ബയോമെട്രിക് പഞ്ചിങ് മെഷീനുകൾ സ്ഥാപിക്കും. പിന്നീട്, സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും ഇൗ സംവിധാനം ഏർപ്പെടുത്തും. പഞ്ചിങ് മെഷീനുകളിൽ രേഖപ്പെടുത്തുന്ന ഹാജർനിലയുടെ സംക്ഷിപ്ത രൂപം ഒാരോ മാസവും മേഖലാതലത്തിൽ പരിശോധിക്കണം. സി.സി.ടി.വി സംവിധാനമുള്ള ജയിലുകളിൽ സൂപ്രണ്ടുമാരുൾപ്പെടെയുള്ള ജീവനക്കാരുടെ വരവും പോക്കും നിരീക്ഷിക്കും. നിലവിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടില്ലാത്ത ജയിലുകളിൽ ആദ്യഘട്ടത്തിൽ ഗേറ്റിലെങ്കിലും സി.സി.ടി.വി സ്ഥാപിച്ച് പരിശോധനകൾ നടത്തി മേഖലാതലത്തിൽ വിശകലനം നടത്തണമെന്നും വ്യക്തമാക്കുന്നു. ഇതിെൻറ ചുമതല മേഖല ഡി.െഎ.ജിമാർക്കാണ്.
വിവിധ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് പല ജയിൽ ജീവനക്കാരും പെർമിഷൻ, ബെനിഫിറ്റ് ഹോളിഡേ എന്നീ പേരുകളിൽ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിൽക്കുന്നതും നിയന്ത്രിക്കും. ജനുവരി 26, ആഗസ്റ്റ് 15, ഒക്ടോബർ രണ്ട്, വിഷു, ഇൗസ്റ്റർ, ബലിപെരുന്നാൾ, ഒാണം, റമദാൻ, ക്രിസ്മസ് എന്നീ ദിവസങ്ങളിൽ മാത്രമായി ഇൗ അവധികൾ നിജപ്പെടുത്തി.
വീക്കിലി ഒാഫിെൻറ കാര്യത്തിലും വ്യക്തത വരുത്തിയിട്ടുണ്ട്. ഡ്യൂട്ടി ക്രമീകരണത്തിെൻറ ഭാഗമായി വീക്കിലി ഒാഫ് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ പകരം കോമ്പൻസേഷൻ ഒാഫ് നൽകണം. അതും നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ജീവനക്കാരന് ഒാഫ് ഡ്യൂട്ടി അലവൻസ് അടുത്ത മാസത്തെ ശമ്പളത്തിൽതന്നെ ലഭ്യമാക്കണം. ഒരു ജയിൽ സ്ഥാപനത്തിലും ടേൺഡ്യൂട്ടി അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.