‘മുഖം തിരിച്ചറിയൽ’ ആപ് വഴി പഞ്ചിങ്: വിയോജിപ്പുമായി സർക്കാർ ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മുഖം തിരിച്ചറിയൽ സംവിധാനമുള്ള (ഫേസ് റെകഗ്നിഷൻ) മൊബൈൽ ആപ് വഴി പഞ്ചിങ് സംവിധാനമേർപ്പെടുത്താനുള്ള തീരുമാനത്തിൽ വിയോജിപ്പുമായി ഡോക്ടർമാർ.
ഡോക്ടർമാർ നിർവഹിക്കുന്ന ജോലികളിലെ വൈവിധ്യം, അനിശ്ചിതമായ ജോലിസമയം, എമർജൻസി ഡ്യൂട്ടികൾ എന്നിവ പരിഗണിക്കാതെയും ആവശ്യമായ പരിശീലനവും സാങ്കേതിക സംവിധാനവും ഏർപ്പെടുത്താതെയും കൂടിയാലോചനയില്ലാതെയുമാണ് തീരുമാനം നടപ്പാക്കുന്നതെന്ന് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ആരോപിക്കുന്നു.
അതേ സമയം സർക്കാർ നിർദേശം നടപ്പാക്കുകയാണ് ചെയ്തതെന്നും സംഘടന ഉന്നയിച്ച ആവശ്യം സർക്കാറിലേക്ക് അറിയിച്ചിട്ടുണ്ടെന്നുമാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം.
ഡോക്ടർമാരുടെ ഡ്യൂട്ടിയുടെ സ്വഭാവം കണക്കിലെടുത്ത് തിരുത്തലുകളും ക്രമീകരണങ്ങളും നടത്തിയ ശേഷമേ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുകയുള്ളൂവെന്ന് സർക്കാർ കെ.ജി.എം.ഒ.എയെ രേഖാമൂലം അറിയിച്ചിരുന്നതാണെന്നാണ് സംഘടനയുടെ വാദം. സമാനമായ ഡ്യൂട്ടി സാഹചര്യമുള്ള പൊലീസ്, ഫോറസ്ട്രി, ഫയർഫോഴ്സ്, എക്സൈസ് വിഭാഗങ്ങളെ ബയോ മെട്രിക് പഞ്ചിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ പഞ്ചിങ് ആരംഭിക്കുക പോലും ചെയ്യാത്ത സ്ഥാപനങ്ങളിലും ഫേസ് റെകഗ്നിഷൻ സംവിധാനം നടപ്പാക്കുകയാണ്. പഞ്ചിങ് ഇതിനകം ആരംഭിച്ച സ്ഥാപനങ്ങളിലാണ് താൽക്കാലിക സംവിധാനമെന്ന നിലയിൽ ഫേസ് റെകഗ്നിഷൻ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിങ്ങിലേക്ക് മാറാൻ ഉത്തരവായത്. ഡോക്ടർമാർ വിയോജിച്ച സാഹചര്യത്തിൽ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.