പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിന് ശിക്ഷ; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തിനെതിരായ ഹരജിയിൽ ഹൈകോടതി എതിർകക്ഷികളുടെ വിശദീകരണം തേടി. മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പിന്‍റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശിനി ലിമിന നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നോട്ടീസ് ഉത്തരവായത്. തുടർന്ന് ഹരജി ഡിസംബർ പത്തിന് പരിഗണിക്കാൻ മാറ്റി.
പ്രായപൂർത്തിയാകാത്തയാൾ ഉപയോഗിച്ചിരുന്ന വാഹനത്തിന്‍റെ രജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കൽ, കുട്ടിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസൻസ് നിഷേധിക്കൽ തുടങ്ങിയവ നിയമത്തിന്‍റെ ഭാഗമാണ്. ഏകപക്ഷീയമായി രക്ഷിതാക്കളെ ശിക്ഷിക്കുന്നതാണ് നിയമമെന്ന് ഹരജിയിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്തയാളെ കുറ്റകൃത്യം ചെയ്യാൻ രക്ഷിതാവ് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാത്ത കേസുകളിൽ പോലും 199 എ വകുപ്പ് പ്രകാരം വാഹനത്തിന്‍റെ ഉടമക്കോ രക്ഷിതാവിനോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
നിലവിലെ മോട്ടോർ വാഹന നിയമ പ്രകാരം ഇതേ കേസിൽ പരമാവധി മൂന്ന് മാസമാണ് തടവ് ശിക്ഷ. പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ് വരെ ലൈസൻസ് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.