മദ്യപർക്ക് പൊലീസ് സ്റ്റേഷനിൽ ഇമ്പോസിഷൻ ശിക്ഷ; വിഡിയോ വൈറൽ
text_fieldsകൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ഡ്രൈവർമാർക്ക് ഇമ്പോസിഷൻ ശിക്ഷ നൽകി തൃപ്പുണിത്തുറ പൊലീസ്. ‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല’ എന്ന് ആയിരം തവണ എഴുതിപ്പിക്കുകയാണ് പൊലീസ് ചെയ്തത്. ഡ്രൈവർമാരെക്കൊണ്ട് ഇമ്പോസിഷൻ എഴുതിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ബസ് ഡ്രൈവർമാർ പിടിയിലായത്. പിടിയിലായ 16 ഡ്രൈവറർമാരേക്കൊണ്ട് 1000 തവണ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ഇംപോസിഷൻ എഴുതിച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടത്.
ഇമ്പോസിഷൻ എഴുതിച്ച ശിക്ഷാ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ആളുകൾ രംഗത്തെത്തി. ഗുരുതരമായ നിയമലംഘനം നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ടതിന് പകരം ഇമ്പോസിഷൻ എഴുതിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന് കടുത്ത ശിക്ഷാ നടപടികളാണ് നിയമവ്യവസ്ഥയിലുള്ളത്. ലൈസന്‍സ് കുറച്ചുനാളത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും, അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയാണ് സാധാരണഗതിയിൽ ചെയ്യുന്നത്.
എന്നാൽ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഇമ്പോസിഷൻ എഴുതിച്ചതെന്നാണ് പൊലീസ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.