ടി.പി കേസ് പ്രതികളുടെ ശിക്ഷയിളവ്: ജയില് മേധാവിയെ തള്ളി സൂപ്രണ്ട്
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായിളവിൽ ജയിൽ മേധാവിയും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും രണ്ടുതട്ടിൽ.
ശിക്ഷയിളവിനുള്ള നീക്കം ജയിൽ സൂപ്രണ്ടിന്റെ പിഴവെന്നായിരുന്നു ജയിൽ ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായയുടെ വിശദീകരണം. എന്നാൽ, 2022ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടി.പി കേസ് പ്രതികളെ ശിക്ഷയിളവിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് സൂപ്രണ്ട് ജയിൽ മേധാവിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നത്. ഇതോടെ വഴിവിട്ട നീക്കത്തെ ചൊല്ലി ജയിൽ വകുപ്പിൽ തർക്കം രൂക്ഷമായി.
2022ൽ പിണറായി സർക്കാർ ഇറക്കിയ ഉത്തരവിൽ ശിക്ഷയിളവിന് പരിഗണിക്കേണ്ടവരുടെ മാനദന്ധങ്ങൾ പുതുക്കിയിട്ടുണ്ട്. അതനുസരിച്ചാണ് ടി.പി കേസ് പ്രതികളെ ഉൾപ്പെടുത്തിയതെന്ന മറുപടിയോടെ സൂപ്രണ്ടിനെതിരെ നടപടിക്കുള്ള സാധ്യത ആരായുകയാണ് ആഭ്യന്തരവകുപ്പ്.
ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകില്ലെന്ന് വിശദീകരിച്ച ജയിൽ മേധാവിയും പിന്നീട് ജയിൽ ഡി.ഐ.ജി ഇറക്കിയ കുറിപ്പിലും കുറ്റപ്പെടുത്തുന്നത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനെയാണ്. ഹൈകോടതി വിധി മനസ്സിലാക്കാതെ പ്രവർത്തിച്ച സൂപ്രണ്ടിന് വീഴ്ച പറ്റി, വിശദീകരണം ചോദിച്ചു, സൂപ്രണ്ട് നൽകിയ പട്ടിക തിരുത്തി ടി.പി കേസ് പ്രതികളെ ഒഴിവാക്കും എന്നിങ്ങനെ തെറ്റ് മുഴുവൻ സൂപ്രണ്ടിന്റെ തലയിൽ വെച്ചൊഴിയുകയാണ് ജയിൽ വകുപ്പും സർക്കാറും. എന്നാൽ, ഈ നിലപാട് തള്ളിക്കൊണ്ടാണ് സൂപ്രണ്ട് ജയിൽ മേധാവിക്ക് വിശദീകരണം നൽകിയത്.
അതേസമയം, ടി.പി കേസ് പ്രതികളെ ശിക്ഷയിളവിന് പരിഗണിക്കില്ലെന്ന് പറയുമ്പോഴും അവർ ഉൾപ്പെടുന്ന പട്ടിക ഇതുവരെ റദ്ദാക്കിയിട്ടില്ല. മാത്രമല്ല, ശിക്ഷയിളവിന് പരിഗണിക്കുന്ന മൂന്ന് പേരുടെ റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി തന്നിൽനിന്ന് പൊലീസ് വിശദീകരണം തേടിയതായി കെ.കെ. രമ എം.എൽ.എ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.