മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് വിമർശനത്തെ ഭയക്കുന്ന ഭരണകൂടം-പുന്നല ശ്രീകുമാർ
text_fieldsകോട്ടയം:വിമർശനങ്ങളെ ഭയക്കുന്ന ഭരണകൂടമാണ് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് മീഡിയ സംസ്ഥാന കൺവൻഷൻ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യങ്ങളിൽപ്പോലും ഭരണകൂടത്തിനോടൊപ്പം നിൽക്കാത്തവരെ ദേശവിരുധരായി മുദ്രകുത്തുകയോ ,ജയിലിൽ അടക്കുകയോ ചെയ്യുന്നു. ആഗോളതലത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചികയിൽ ഇന്ത്യയുടെ പേരില്ല. അതേസമയം, മാധ്യമവേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ ഭരണാധികാരികളുടെ പേര് ഉൾപ്പെടുന്നു എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ്.
പണവും അധികാരവും കാര്യങ്ങൾ നിശ്ചയിക്കുന്ന ഇടങ്ങളിൽ നമസ്കരിക്കപ്പെടുന്ന ജനതയുടെ ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങൾക്കപ്പുറം മാധ്യമ രംഗത്തിന്റെ ഉറച്ച ശബ്ദം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ സംസ്ഥാന കമ്മറ്റിയംഗം സതീഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് പ്രസിഡൻറ് എൽ.രമേശൻ, എൻ.ബിജു, സാബു കരിശേരി, അഡ്വ.എ.സനീഷ് കുമാർ, സുജ സതീഷ്, പ്രശോഭ് ഞാവേലി, പി.സി.സഹജൻ, പ്രശാന്ത് പി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രശോഭ് ഞാവേലി (ചെയർമാൻ), ഷൈജു പാച്ചിറ, മിഥുൻ മാവേലിത്തറ (വൈസ് ചെയർമാൻമാർ), പി.സി.സഹജൻ (കോ-ഓർഡിനേറ്റർ), സതീഷ് ബാലകൃഷ്ണൻ, പ്രശോഭ് പി.ചന്ദ്രൻ (അസി. കോ-ഓർഡിനേറ്റർമാർ ), മണിലാൽ ചവറ (ഫിനാൻസ് സെക്രട്ടറി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.