അഴിമതി നിർമാർജന സംവിധാനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് പുന്നല ശ്രീകുമാർ
text_fieldsതൃപ്പൂണിത്തുറ: അഴിമതി നിർമാർജന സംവിധാനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. തൃപ്പൂണിത്തുറ യൂണിയൻ കൺവെൻഷൻ തിരുവാങ്കുളം സോണൽ ഓഫിസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാരുടെ പ്രശ്നങ്ങൾക്ക് കാലതാമസം കൂടാതെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് നിയമപ്രകാരമുള്ള അഴിമതി നിർമാർജന സംവിധാനമായ ലോകായുക്ത 1998ൽ രൂപം കൊണ്ടത്. ലോകായുക്തയുടെ പരിധിയിൽ മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് തലം വരെയുള്ള പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് വരുന്നത്. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് നടത്തുന്ന അധികാര ദുർവിനിയോഗവും അഴിമതിയുമാണ് ഇതിന്റെ അന്വേഷണ പരിധിയിൽ പെടുന്നത്.
സുസ്ഥിര വികസനത്തിനും ഭരണത്തിന്റെ സദ്ഫലങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും അവസരം ഉണ്ടാകണം. ഭേദഗതി അനുസരിച്ച് അന്തിമ തീരുമാനത്തിന് നിയമസഭക്ക് അധികാരം നൽകുന്നതിലൂടെ സഭയിലെ സാങ്കേതിക ഭൂരിപക്ഷം നിയമത്തെ ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്ന ആശങ്കയും പുന്നല ശ്രീകുമാർ പ്രകടിപ്പിച്ചു.
യൂണിയൻ പ്രസിഡന്റ് കെ.എം. സുരേഷ് അധ്യക്ഷനായി. പി.വി. ബാബു, പ്രശോഭ് ഞാവേലി, കെ.ടി. ധർമജൻ, സി.എസ്. മനോഹരൻ, എ.വി. ബൈജു, പി.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.വി.ബൈജു (പ്രസിഡന്റ്), കെ.എം. സുരേഷ് (സെക്രട്ടറി), പി.കെ. രാജേഷ് (ഖജാൻജി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.