നിർധനന്റെ നിലവിളി ഉയരുന്ന ധർമ്മാശുപത്രികൾ സർക്കാർ കാണാതെ പോകരുതെന്ന് പുന്നല ശ്രീകുമാർ
text_fieldsതൃശൂർ: നിർധനന്റെ നിലവിളി ഉയരുന്ന ധർമ്മാശുപത്രികൾ സർക്കാർ കാണാതെ പോകരുതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. തൃശൂർ ജില്ലാതല നേതൃയോഗം ആളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളജിൽ ഭാര്യയുടെ കൂട്ടിരിപ്പുകാരനായി എത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവും, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവവും ഗൗരവമുള്ളതാണ്.
കുറ്റക്കാർക്കെതിരെ നാളിതുവരെയായി നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. പിതാവ് മരണപ്പെട്ട് മോർച്ചറിയിലും,അപകടത്തിൽപ്പെട്ട മാതാവ് അതേ ആശുപത്രിയിൽ ചികിത്സയിലും കഴിയുന്ന ഒരു സാധു ചെറുപ്പക്കാരന്റെ അവസ്ഥ മനസിലാക്കാതെ മനുഷത്വരഹിതമായി പെരുമാറിയ ജീവനക്കാരുടെ നടപടി നീതീകരിക്കാവുന്നതല്ല. സ്വകാര്യ ആംബുലൻസ് ജീവനക്കാരനോടൊപ്പം യുവാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ആതുരസേവനം വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണ്. മറ്റുള്ളവരുടെ ദുരിതങ്ങൾ കാണാതെ ക്രിമിനലുകളെപ്പോലെ പെരുമാറുന്ന ജീവനക്കാർ ഖ്യാതി നേടിയ ഈ സേവന മേഖലയുടെ ബാധ്യതയും നാണക്കേടുമാണ്. കേരളത്തിലെ പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സഹായത്തോടെ വിഹരിക്കുന്ന മാഫിയ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കാത്ത പക്ഷം സർക്കാർ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ് അംഗം പി.സി.രഘു അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി.എ അജയഘോഷ്, പി.എൻ സുരൻ, ടി.വി ശശി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.