വിദേശ തോട്ടങ്ങൾ നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന് പുന്നല ശ്രീകുമാർ
text_fieldsകോട്ടയം: ഭൂരാഹിത്യം പരിഹരിക്കാൻ വിദേശ തോട്ടങ്ങൾ നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കോട്ടയം നെഹ്രു സ്‌റ്റേഡിയത്തിൽ "പ്രതിധ്വനി" എന്ന പേരിൽ സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1950കൾ മുതൽ വിദേശതോട്ടം ദേശസാൽക്കരിക്കണമെന്ന മുദ്രാവാക്യം ഉയർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. മലയാളികളുടെ സാമ്പത്തിക അടിമത്തത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിദേശ തോട്ടങ്ങളെന്ന് ചൂണ്ടിക്കാട്ടിയത് ഇ.എം.എസും എൻ.സി ശേഖറും അടക്കമുള്ള നേതാക്കളാണ്. 1970കളിൽ വിദേശ തോട്ടം ദേശസാൽക്കരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്.
1970 കളിൽ റവന്യൂമന്ത്രിയായിരുന്ന ബേബി ജോൺ നിയമസഭയിൽ പറഞ്ഞത് വിദേശ തോട്ടം ഏറ്റെടുക്കുന്നതിനെ ദേശസ്നേഹമുള്ള ആരും എതിർക്കില്ലെന്നാണ്. 1947 നുമുമ്പ് വിദേശ കമ്പനികൾ കൈവശം വെച്ചിരുന്ന അഞ്ചു ലക്ഷം ഏക്കറിലേറെ ഭൂമി സംസ്ഥാനത്തുണ്ടെന്ന് സ്പെഷ്യൽ ഓഫിസർ ഡോ.എം.ജി. രാജമാണിക്യം റിപ്പോർട്ട് നൽകി. അതേസമയം 1970ൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതോടെ ഭൂപ്രശ്നം പരിഹരിച്ചുവെന്നാണ് ഇടതുപക്ഷ നിലപാട്. ഭൂപരിഷ്കരണ നിയമത്തിൽ പുറത്ത് നിൽക്കേണ്ടിവന്നരാണ് പട്ടിക വിഭാഗങ്ങൾ. കേരളത്തിലെ കാർഷിക മേഖലയുടെ വികാസത്തിന് സർക്കാരിന്റെ മുന്നിൽ വെക്കുന്ന ഒറ്റമൂലിയാണ് വിദേശ തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന മുദ്രാവവാക്യം.
നാമമാത്രമായ മിച്ചഭൂമി ഏറ്റെടുക്കുന്നതിലൂടെ ഭൂരാഹിത്യം പരിഹരിക്കാൻ കഴിയില്ല. ലൈഫ് പദ്ധതിയിലൂടെ മണ്ണിൽ നിന്ന മനുഷ്യൻ മാനത്തേക്ക് കയറുകയാണ്. വിദ്യാഭ്യാസ മേഖലയിലും തൊഴിൽമേഖലയിലും പട്ടികവിഭാഗങ്ങൾക്ക് കടന്ന് ചെല്ലുന്നതിന് വലിയ തടസങ്ങളുണ്ട്. വാളയാർ കേസിൽ വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ, അട്ടപ്പാടിയിലെ മധുവിന്റെ കേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറി. പെട്ടിമല ദുരന്ത ഭൂമിയിലെ ജനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പുന:രധിവാസം നടന്നില്ല. ആദിവാസികളുടെ പുന:രധിവാസം എങ്ങുമെത്തിയില്ല. ഇക്കാര്യത്തിൽ സർക്കാരിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കേണ്ടിവരും
രാജ്യം നിയമം നടപ്പാക്കുന്നതിന് മുമ്പ് സാമ്പത്തിക സംവരണത്തെ പിന്തുണച്ച സംസ്ഥാനമാണ് കേരളം. തമിഴ്നാട്ടിൽ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. സാമൂഹിക നീതിയുടെ യഥാർഥ മൂല്യങ്ങളെ വികലമാക്കുന്ന മുന്നാക്ക സംവരണം നടപ്പാക്കില്ലെന്ന് എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിന്തുണച്ചു. കേരളത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും സാമ്പത്തിക സംവരണവാദികൾക്കൊപ്പമാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. സമിതി ചെയർമാൻ കെ.കെ സുരേഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.