പുറമണ്ണൂരിനും പറയാനുണ്ട് ഒരുപിടി ചരിത്രം
text_fieldsകൊളത്തൂർ: വാഗൺ ദുരന്തത്തിന്റെ 102ാം വാർഷിക ദിനത്തിൽ വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന ഒരുപിടി ചരിത്ര വസ്തുതകളാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ പുറമണ്ണൂരിനും പറയാനുള്ളത്. ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ചേക്കേറിയപ്പോൾ തന്നെ പരിസര പ്രദേശങ്ങൾക്കൊപ്പം പുറമണ്ണൂരിലും പലരും സമരരംഗത്തേക്ക് ആകൃഷ്ടരായി. ഇതോടെ പുറമണ്ണൂർ ബ്രിട്ടീഷ് പട്ടാളത്തിന്റെ നിരീക്ഷണ കേന്ദ്രമായി. 1921 നവംബർ 20നുണ്ടായ വാഗൺ ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസങ്ങളിൽ പലരെയും ഇവിടെനിന്ന് പിടിച്ചു കൊണ്ടുപോയി.
പുറമണ്ണൂർ ജുമാമസ്ജിദിന് മുന്നിൽ നിന്നാണ് കോലോത്ത് പറമ്പിൽ സൈതാലി, കണ്ടേങ്കാവിൽ കുട്ടിഹസ്സൻ, മാടമ്പത്ത് കുഞ്ഞിമൊയ്തീൻ എന്നിവരെ ബ്രിട്ടീഷ് സേന പിടിച്ചു കൊണ്ടുപോയത്. അമ്പലവട്ടത്ത് മാമു എന്നയാളെ കൊളത്തൂരിൽ വെച്ചും പിടികൂടി. ഇതിൽ ആദ്യം എത്തിപ്പെട്ട മാടമ്പത്ത് കുഞ്ഞിമൊയ്തീനെ അന്തമാനിലെ സെല്ലുലാർ ജയിലിലേക്കാണ് അയച്ചത്.
മാമുവിനെയും കുട്ടിഹസ്സനെയും സൈതാലിയെയും ബെല്ലാരി ജയിലിലേക്കും കൊണ്ടുപോയി. വാഗൺ ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുരുവമ്പലം സ്വദേശികളായ കാളിയ റോഡ് സയ്യിദ് ഇസ്മാഈൽ കോയക്കുട്ടി, വാഴയിൽ കുഞ്ഞയമ്മു എന്നിവരും ബെല്ലാരി ജയിലിൽ തടവുകാരായിരുന്നു. തറക്കൽ പുല്ലാനിക്കാട്ട് കുഞ്ഞയമുട്ടിയുടെ മരിച്ച മകനെ ഖബറടക്കാൻ പോലും പട്ടാളം അന്ന് സമ്മതിച്ചില്ല. പിടികൂടാൻ പട്ടാളം വരുന്നുണ്ടെന്ന വിവരം നാട്ടുകാരെ അറിയിച്ച ചോലക്കാട്ടിൽ മുണ്ടനും കൂട്ടുകാരുമാണത്രേ പിന്നീട് ഖബറടക്കം നിർവഹിച്ചത്.
അക്കാലത്ത് പാടത്ത് പണിയെടുക്കുന്ന കർഷകർക്കിടയിലും ഖിലാഫത്ത് പ്രസ്ഥാനക്കാരെ തേടി പട്ടാളം എത്തിയിരുന്നു. ആളെ അറിയാതിരിക്കാൻ മുസ് ലിംകളെ തറ്റുടുത്ത് ജോലി ചെയ്യാൻ ഹൈന്ദവ സഹോദരങ്ങൾ പ്രേരിപ്പിക്കാറുണ്ടായിരുന്നെന്നും പറയപ്പെടുന്നു. പ്രകോപനം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പെരിന്തൽമണ്ണയിൽ വെച്ച് വളപുരം സ്വദേശി കല്ലെത്തൊടി കുഞ്ഞുണ്ണിൻ മുസ് ലിയാർ എന്നയാളെ അധികൃതർ ജയിലിലടച്ചു. ഈ വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയ യുവാക്കളെ പിടികൂടി തുറുങ്കിലടക്കുകയും മുസ്ലിയാരെ വിട്ടയക്കുകയും ചെയ്തു. ഈ സംഭവമാണ് വാഗൺ ദുരന്തത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.