പൂരംകലക്കൽ: ക്രൈംബ്രാഞ്ച് അന്വേഷണ സംഘമായി
text_fieldsതിരുവനന്തപുരം: തൃശൂർപൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമായി. തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്.പി സാബു മാത്യു, കൊച്ചി എ.സി.പി പി. രാജ്കുമാർ, വിജിലൻസ് ഡിവൈ.എസ്.പി ബിജു വി. നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ. ജയകുമാർ എന്നിവരാണ് സംഘത്തിൽ.
പൂരം കലക്കലിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് പ്രത്യേകസംഘം. ഏറെ വിവാദങ്ങൾക്കൊടുവിൽ എം.ആർ. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവി ദർവേശ് സാഹിബിന്റ വിയോജിപ്പിനെ തുടർന്നാണ് മുഖ്യമന്ത്രി വീണ്ടും അന്വേഷണ നിർദേശം നൽകിയത്. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം ഉന്നയിച്ചാണ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. എല്ലാവശങ്ങളും റിപ്പോർട്ടിലില്ലെന്നും വിശദ അന്വേഷണമാകാമെന്നും പോലീസ് മേധാവി ശിപാർശ ചെയ്തിരുന്നു.
പൂരത്തിന് മൂന്നുദിവസം മുമ്പ് തൃശൂരെത്തിയ അജിത്കുമാർ കേരള പോലീസ് അക്കാദമിയിൽ സുരക്ഷായോഗം നടത്തിയത് വിവാദമായിരുന്നു. കമീഷണർ അങ്കിത് അശോകൻ അവതരിപ്പിച്ച സുരക്ഷാക്രമീകരണത്തെ തള്ളി എ.ഡി.ജി.പി സുരക്ഷാക്രമീകരണങ്ങൾ അവതരിപ്പിച്ചതാണ് വിവാദമായത്. ഇക്കാര്യങ്ങളൊന്നും എ.ഡി.ജി.പി.യുടെ റിപ്പോർട്ടിൽ ഇല്ലാത്തതിനാലാണ് വിശദ അന്വേഷണമാകാമെന്ന് പൊലീസ് മേധാവി ശിപാർശ ചെയ്തത്.
റിദാൻ വധം, മാമി തിരോധാന കേസുകളിൽ എ.ഡി.ജി.പിക്ക് വീഴ്ച ഇല്ലെന്നാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. അതേസമയം, അജിത് കുമാറിന്റെ ആർ.എസ്.എസ് കൂടിക്കാഴ്ച സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. സ്വകാര്യ കൂടിക്കാഴ്ച എന്ന വിശദീകരണം തൃപ്തികരമല്ല എന്നാണ് ഡി.ജി.പിയുടെ നിലപാട്.
സാമ്പത്തിക ആരോപണം: തെളിവുകൾ ലഭിച്ചതായി സൂചന
എം.ആർ. അജിത്കുമാറിനെതിരെ പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിൽ പ്രാഥമിക തെളിവുകൾ ലഭിച്ചതായി സൂചന. വിജിലൻസ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രാഥമിക പരിശോധന പൂർത്തിയാക്കി. അജിത് കുമാറിന്റെ ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, കവടിയാറിലെ കൊട്ടാര സമാന വീട് നിർമാണം, അജിത്തിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ വിദേശത്തടക്കം അനധികൃത സമ്പാദ്യമുണ്ടെന്ന ആരോപണം തുടങ്ങിയ സാമ്പത്തിക ആരോപണങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.