പുരപ്പുറത്ത് സൗരോർജ പ്ലാന്റ് റെഡി; മീറ്റർ എവിടെ?
text_fieldsപാലക്കാട്: ലക്ഷങ്ങൾ മുടക്കി പുരപ്പുറ സോളാറിനായി പ്ലാന്റ് സ്ഥാപിച്ചിട്ടും വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാനാകാതെ ഉപഭോക്താക്കൾ.
പ്ലാന്റുമായി ബന്ധിപ്പിക്കേണ്ട ത്രീ ഫേസ് നെറ്റ് മീറ്ററുകൾ കെ.എസ്.ഇ.ബി വിതരണം ചെയ്യാത്തതിനാൽ രണ്ടുമാസത്തിലേറെയായി ഉപഭോക്താക്കൾ കാത്തിരിപ്പിലാണ്. പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ മാതൃകാപദ്ധതിയായ ‘സൗര ’യിലാണ് മെല്ലെപ്പോക്ക്. ടെൻഡർ വിളിച്ച് സംഭരിക്കുന്നതിൽ അപ്രതീക്ഷിതമായുണ്ടായ കാലതാമസമാണ് ത്രീ ഫേസ് നെറ്റ് മീറ്ററുകൾ വിതരണം ചെയ്യുന്നത് വൈകിച്ചതെന്നും ഒരാഴ്ചക്കകം തന്നെ മുഴുവൻ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നും കെ.എസ്.ഇ.ബി സൗര പദ്ധതി അധികൃതർ ‘മാധ്യമ’ത്തോട് വ്യക്തമാക്കി.
40 ശതമാനം വരെ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ച് രാജ്യത്തിന് മുഴുവൻ മാതൃകയായ പദ്ധതിയാണ് കെ.എസ്.ഇ.ബിയുടെ ‘സൗര’.
സബ്സിഡി കഴിച്ചുള്ള തുക മാത്രമേ ഉപഭോക്താക്കൾ വഹിക്കേണ്ടതുള്ളൂ. പ്ലാന്റുകൾ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി വഴി ഉപഭോക്താക്കൾ തന്നെ തിരഞ്ഞെടുക്കുന്ന െഡവലപ്പർമാർ ആണ്. പദ്ധതി നിർവഹണത്തിന് 37 കമ്പനികളെ എംപാനൽ ചെയ്തിട്ടുണ്ട്.
കുറച്ചു മാസങ്ങൾ മുമ്പ് വരെ പ്ലാന്റുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കെ.എസ്.ഇ.ബി പ്ലാന്റിനെ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുമായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് മാസമായി ത്രീ ഫേസ് നെറ്റ് മീറ്ററുകൾ കിട്ടാനില്ല എന്ന കാരണം പറഞ്ഞ് കെ.എസ്.ഇ.ബി പ്ലാന്റുമായി ബന്ധിപ്പിച്ച് നൽകുന്നില്ല. ഇതുമൂലമുള്ള സൗരോർജ വൈദ്യുതി നഷ്ടത്തിൽ ഉപഭോക്താക്കൾ ആശങ്കയിലായിരുന്നു.
പ്ലാന്റ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മീറ്ററുകൾ എത്തിക്കുന്നതിൽ കെ.എസ്.ഇ.ബി അധികൃതർ വീഴ്ച വരുത്തിയതിൽ പ്രതിഷേധത്തിലായിരുന്നു ഉപഭോക്താക്കൾ. ടെൻഡർ വിളിച്ച് സംഭരിക്കുന്നതിൽ വീഴ്ച വന്നെങ്കിലും ആവശ്യത്തിന് മീറ്ററുകൾ കെ.എസ്.ഇ.ബി ഇപ്പോൾ സംഭരിച്ചിട്ടുണ്ട്. മീറ്ററുകളുടെ പ്രവർത്തനക്ഷമത പരിശോധന രണ്ട് ദിവസത്തിനകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
‘സൗര’ സബ്സിഡി പദ്ധതി
സൗര സബ്സിഡി പദ്ധതി (250 മെഗാവാട്ട്) ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതാണ്. പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾക്ക് 40 ശതമാനവും നാല് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾക്ക് ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനവും തുടർന്ന് ഓരോ കിലോവാട്ടിനും 20 ശതമാനവും എന്ന രീതിയിലാണ് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നത്. 10 കിലോവാട്ടിനു മുകളിൽ സബ്സിഡിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.