പള്ളിയുടെ പണം തട്ടിയെന്ന്: ലീഗ് നേതാവിൽനിന്നും ഒന്നര കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ് നിർദേശം
text_fieldsകണ്ണൂർ: കണ്ണൂർ പുറത്തീൽ പള്ളിയുടെ പണം തട്ടിയെടുത്തന്ന പരാതിയിൽ ലീഗ് നേതാവിൽനിന്നും ഒന്നര കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ് നിർദേശം. ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിറിൽ നിന്നാണ് പണം ഈടാക്കുക. ഇയാൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാനും വഖഫ് ബോർഡ് ശിപാർശ ചെയ്തു. പള്ളിക്കമ്മിറ്റിയുടെ പരാതിയിലാണ് നടപടി.
2010-15 കാലയളവിലാണ് പള്ളി കമ്മിറ്റിയുടെ ഒന്നര കോടി രൂപ കാണാതായത്. ഈ കാലയളവിൽ പള്ളി കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു താഹിർ. 2015ൽ വന്ന പുതിയ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും താഹിറിന് പണം നഷ്ടപ്പെട്ടതിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ താഹിറിനെ റിമാൻഡ് ചെയ്തിരുന്നു. ലീഗിന്റെ ഭാരവാഹിത്വത്തിൽ നിന്ന് ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല. അന്ന് ലീഗിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു താഹിർ.
ഇയാൾക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പള്ളിക്കമ്മിറ്റി വഖഫ് ബോർഡിനെ സമീപിക്കുകയായിരുന്നു. വഖഫ് ബോർഡ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് താഹിറിൽ നിന്ന് തുക ഈടാക്കാൻ ഉത്തരവിട്ടത്. തുക ഈടാക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കും. ജൂൺ 6ന് ചേർന്ന സംസ്ഥാന വഖഫ് ബോർഡ് യോഗത്തിലാണ് താഹിറിനെതിരെ നടപടിയെടുക്കാൻ തീരുമാനമായത്. സംഭവത്തിൽ താഹിറിനോട് പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.