ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങൽ; കെ.എസ്.ഇ.ബിക്ക് തിരിച്ചടി
text_fieldsതിരുവനന്തപുരം: അദാനിയടക്കം മൂന്ന് കമ്പനികളിൽനിന്ന് ഹ്രസ്വകാല കരാറിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബി നീക്കത്തെ വിമർശിച്ച് റെഗുലേറ്ററി കമീഷൻ. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ കരാർ അംഗീകരിക്കണമെന്നായിരുന്നു ബുധനാഴ്ച നടന്ന കമീഷൻ ഹിയറിങ്ങിൽ കെ.എസ്.ഇ.ബിയുടെ ആവശ്യം. എന്നാൽ യൂനിറ്റിന് 8.69 രൂപ നൽകി വൈദ്യുതി വാങ്ങുന്നതിനോട് കമീഷൻ വിയോജിച്ചു.
ഉയർന്ന വിലയ്ക്കുള്ള കരാറിലേക്ക് പോകുന്നതിന് മുമ്പ് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകാവുന്ന മറ്റ് മാർഗങ്ങൾകൂടി പരിശോധിക്കേണ്ടിയിരുന്നു. വൈദ്യുതി പ്രതിസന്ധി മുന്നിൽകണ്ട് നേരത്തേ തന്നെ ഉചിതമായ തീരുമാനങ്ങളെടുക്കേണ്ടതായിരുന്നെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
ഏപ്രിൽ, മേയ് മാസങ്ങളിൽ ലോഡ്ഷെഡിങ് ഒഴിവാക്കുന്നതിന് ഇത്തരം ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വൈദ്യുതി വാങ്ങലല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നായിരുന്നു കെ.എസ്.ഇ.ബി പ്രതിനിധികൾ വാദിച്ചത്. ഇതുസംബന്ധിച്ച വിശദാംശങ്ങളും കമീഷന് മുന്നിൽ അവതരിപ്പിച്ചു. വിഷയത്തിൽ കമീഷൻ തീരുമാനം കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചശേഷമായിരിക്കും.
ഏപ്രിൽ ഒന്നുമുതൽ 30 വരെ അദാനി എന്റർപ്രൈസസിൽനിന്ന് 150 മെഗാവാട്ടും പി.ടി.സി ഇന്ത്യ ലിമിറ്റഡ്, ടാറ്റ പവർ ട്രേഡിങ് കമ്പനി ലിമിറ്റഡ് എന്നിവയിൽനിന്ന് 25 മെഗാവാട്ട് വീതവും മേയ് ഒന്നുമുതൽ 31 വരെ അദാനിയിൽനിന്ന് 150 മെഗാവാട്ടും ടാറ്റയിൽനിന്ന് 25 മെഗാവാട്ടും വാങ്ങാനും അനുമതി തേടിയാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചത്.
യൂനിറ്റിന് 8.69 രൂപ നൽകി വൈദ്യുതി വാങ്ങിയാൽ അധിക സാമ്പത്തിക ബാധ്യത സർചാർജായി ഉപയോക്താക്കളിൽനിന്ന് ഈടാക്കേണ്ടിവരും.
ഈമാസം 20നകം മൂന്ന് കമ്പനികളുമായി കരാർ ഉറപ്പിക്കാനായിരുന്നു കെ.എസ്.ഇ.ബി നീക്കം. നിലവിലെ സാഹചര്യത്തിൽ അതിന് സാധിക്കുമോ എന്നതിൽ വ്യക്തതയില്ല. ഇതിനിടെ ഈ മൂന്ന് കമ്പനികൾ മുന്നോട്ടുവെച്ച നിരക്കിനേക്കാൾ കുറച്ച് വൈദ്യുതി ലഭിക്കാനുള്ള സാധ്യത കെ.എസ്.ഇ.ബി ആരായുന്നുണ്ട്.
ഈ മാസം അവസാനത്തോടെ വൈദ്യുതി വാങ്ങൽ കരാർ ഉറപ്പിക്കാനായില്ലെങ്കിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയാവും സംസ്ഥാനത്തുണ്ടാവുകയെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ നൽകുന്ന സൂചന. റദ്ദാക്കിയ നാല് ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചെങ്കിലും കമ്പനികൾ വൈദ്യുതി വിതരണം പുനാരാരംഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.