വൈദ്യുതി വാങ്ങൽ: വരുന്നത് വൻ സാമ്പത്തിക ബാധ്യത
text_fieldsതിരുവനന്തപുരം: ചട്ടലംഘനങ്ങളുടെ പേരിൽ കുറഞ്ഞ വിലക്ക് വൈദ്യുതി ലഭിച്ചിരുന്ന കരാർ റദ്ദാക്കിയതോടെ, ജനങ്ങളുടെ മേൽ വരാൻ പോകുന്നത് വൻ ബാധ്യത. 25 വർഷത്തേക്ക് വൈദ്യുതി നൽകാൻ രണ്ടു കമ്പനികളുമായി ഏഴു വർഷം മുമ്പുണ്ടാക്കിയ കരാറാണ് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്. രാജ്യത്തെ കുതിച്ചുയരുന്ന വൈദ്യുതി വില പരിഗണിച്ച് കരാറിലെ പിഴവുകൾ തിരുത്തി കുറഞ്ഞ വിലക്ക് വാങ്ങാൻ കാര്യമായ ഇടപെടലൊന്നും ഒരു ഭാഗത്തുനിന്നുമുണ്ടായില്ല. കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാറിനുള്ള പ്രത്യേക അധികാരമുപയോഗിച്ച് ഇതേ വിലക്ക് വൈദ്യുതി ലഭ്യമാക്കാൻ റെഗുലേറ്ററി കമീഷനെ നിർബന്ധിക്കുന്ന നടപടികളുമുണ്ടായില്ല. പുതിയ ടെൻഡറുകളിൽ കൈപൊള്ളുമെന്ന് ഉറപ്പായതോടെയാണ് പഴയ കരാർ പുനഃസ്ഥാപിക്കാൻ നീക്കം ആരംഭിച്ചത്. മഴ കുറവ് വഴി ജലവൈദ്യുതി കുറഞ്ഞതും ചൂട് കൂടിയതിനാൽ ഉപയോഗം വർധിച്ചതും ന്യായമായ വിലക്ക് പുറത്തുനിന്ന് വൈദ്യുതി കിട്ടാത്തതും ബോർഡിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
റദ്ദായ കരാറിനു പകരം പുതുതായി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതിലേക്ക് നേരത്തേ കുറഞ്ഞ വിലക്ക് വൈദ്യുതി നൽകിയിരുന്ന ജാംബുവ, ജിൻഡാൽ കമ്പനികളൊന്നും ടെൻഡർ നൽകിയില്ല. ടെൻഡർ നൽകിയ അദാനി പവറും ഡി.ബി പവറും ഏകദേശം സമാനമായ ഉയർന്ന വിലയാണ് ക്വാട്ട് ചെയ്തത്. 200 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിലെ ടെൻഡറിലും യൂനിറ്റിന് 7.60 മുതൽ 9.30 രൂപ രൂപ വരെയാണ് ക്വാട്ട് ചെയ്തത്. ഈ വിലക്ക് വാങ്ങിയാൽ വൈദ്യുതി നിരക്കിൽ വൻ വർധനയുണ്ടാകും. ഉയർന്ന വിലക്ക് മാത്രമേ വൈദ്യുതി ലഭ്യമാകൂവെന്ന് വന്നതോടെയാണ് പഴയ കരാറിനെ കുറിച്ച് സർക്കാർ ഓർത്തത്. ഈ കരാർ പ്രകാരം വൈദ്യുതി കിട്ടാനുള്ള സാധ്യതകളാണ് ഇപ്പോൾ തേടുന്നത്. 25 വർഷത്തേക്ക് 4.29 രൂപ നിരക്കിൽ വൈദ്യുതി കിട്ടുന്നതായിരുന്നു യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഒപ്പിട്ട കരാർ. ഇതിനകം ഏഴുവർഷം ഇത് പ്രകാരം വൈദ്യുതി ലഭിക്കുകയും ചെയ്തു. 18 വർഷം കൂടി ഇതേ വിലക്ക് ഇത്രയും വൈദ്യുതി കിട്ടുമായിരുന്നു. വിപണിയിൽ വൈദ്യുതി വില എത്ര വർധിച്ചാലും ബോർഡിന് ഇതേ വിലക്ക് തന്നെ ലഭിക്കുകയും ചെയ്യും. നടപ്പായി ഏഴുവർഷം കഴിഞ്ഞപ്പോഴാണ് നടപടിക്രമത്തിലെ വീഴ്ചയുടെ പേരിൽ കഴിഞ്ഞ മേയിൽ കരാർ റദ്ദാക്കിയത്. കരാർ റദ്ദായതോടെ വന്ന 465 മെഗാവാട്ടിന്റെ കുറവിന് പുറമെയാണ് കാലവർഷം ദുർബലമായ പ്രതിസന്ധി കൂടി വന്നത്. നിയന്ത്രണമൊഴിവാക്കാൻ ഉയർന്ന വിലക്കുള്ള വൈദ്യുതിയുടെ അധിക ബാധ്യത സർച്ചാർജായി ഉടൻ വരും. ഉയർന്ന വിലക്ക് കൂടുതൽ വൈദ്യുതി വാങ്ങേണ്ടിവന്നാൽ അതും വരും.
പഴയ കരാർ പുനഃസ്ഥാപിച്ചുകിട്ടാനാണ് ശ്രമമെങ്കിലും പഴയ നിരക്കിൽ കമ്പനികൾ വൈദ്യുതി നൽകുമോയെന്ന് വ്യക്തമല്ല. നിയമപ്രശ്നങ്ങളുള്ളതിനാൽ കരാർ പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമീഷൻ സമ്മതിക്കണമെന്നുമില്ല. പകരം വാങ്ങാൻ ഉദ്ദേശിച്ച വൈദ്യുതിക്ക് 6.88 രൂപ ക്രമത്തിൽ നൽകാമെന്നാണ് അദാനി പവറും ഡി.ബി പവറും പറഞ്ഞിരിക്കുന്നത്. നേരത്തേ ലഭിച്ചിരുന്നതിനെക്കാൾ രണ്ടര രൂപയിലേറെ യൂനിറ്റിന് അധികം നൽകേണ്ടിവരും. സ്വാഭാവികമായും ഇത് വൈദ്യുതി നിരക്ക് വർധനയിൽ കലാശിക്കും. 200 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡറിൽ യൂനിറ്റിന് 7.60 രൂപ, 8.49 രൂപ, 9.39 രൂപ എന്നിങ്ങനെയാണ് കമ്പനികൾ ക്വാട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.