ജീവിതവിശുദ്ധി
text_fieldsപ്രവാചകൻ അരുളി: നിങ്ങളുടെ സമ്പാദ്യവും വിഭവങ്ങളും മുഴുവൻ ജനങ്ങളുടെയും ആവശ്യനിർവഹണത്തിന് പര്യാപ്തമല്ല. എന്നാൽ, നിങ്ങളുടെ ജീവിതവിശുദ്ധിയും മുഖപ്രസന്നതയും അവരുടെ മനസ്സ് നിറക്കാൻ മതിയായും. ജനങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന വസ്തുത ഏതെന്ന് പ്രവാചകനോട് ഒരിക്കൽ അന്വേഷിച്ചു. അവിടുന്ന് അരുളി: അല്ലാഹുവോടുള്ള ഭയഭക്തിയും സ്വഭാവശുദ്ധിയും.
ഒരിക്കൽ ഉമർ, ഉബയ്യ്ബ്നുകഅ്ബിനോട് ചോദിച്ചുവെത്ര, എന്താണ് ജീവിതവിശുദ്ധി. ഉബയ്യ് മറുപടി പറഞ്ഞു. നഗ്നപാദനായ ഒരാൾ ദുർഘടപാതയിലൂടെ സഞ്ചരിക്കുന്നു എന്ന് വിചാരിക്കുക. എവ്വിധമായിരിക്കും അയാളുടെ യാത്ര. ഓരോ ചുവടും അതീവശ്രദ്ധയോടെ ആയിരിക്കും. ഇതുപോലെ ജീവിതമാകുന്ന യഥാർഥ പാതയിൽ വിലക്കുകൾ സൂക്ഷിച്ച് ഓരോ നിമിഷവും കഴിയലാണ്.
മേൽസൂചിപ്പിച്ച വചനങ്ങൾ എല്ലാം ജീവിതവിശുദ്ധിയുടെ മാഹാത്മ്യം വിളിച്ചോതുന്നു. അത് നേടിയെടുക്കാനുള്ള പരിശീലനക്കളരിയാണ് റമദാൻ വ്രതം. അല്ലാഹു പറയുന്നു: ഹേ സത്യവിശ്വാസികളെ, നിങ്ങൾക്ക് വ്രതം നിർബന്ധമാക്കി മുൻ സമുദായത്തിനും നിർബന്ധമാക്കിയതുപോലെ. നിങ്ങൾ ജീവിതവിശുദ്ധി കൈവരിക്കുന്നതിനുവേണ്ടി.
ഖുർആൻ പറയുന്നു^ നബിയേ! അങ്ങ് ക്രൂരമനസ്കനും പരുഷപ്രകൃതനുമായിരുന്നുവെങ്കിൽ അവരെല്ലാം അങ്ങയുടെ സന്നിധിയിൽനിന്ന് അകന്നുപോകുമായിരുന്നു. അതുകൊണ്ട് താങ്കൾ അവർക്ക് മാപ്പുകൊടുക്കുക. അവർക്കുവേണ്ടി പാപമോചനം തേടുക. കാര്യങ്ങളിൽ അവരുമായി കൂടിയാലോചന നടത്തുക. അങ്ങനെ താങ്കൾ ഒരു തീരുമാനത്തിൽ എത്തിയാൽ അത് നടപ്പാക്കുന്നതിന് രക്ഷിതാവിനെ ഭരമേൽപിക്കുക (ആലു ഇംറാൻ–159).
ജനങ്ങളുമായുള്ള ആകർഷണീയമായ സമീപനങ്ങൾക്കും ഹൃദ്യമായ പെരുമാറ്റങ്ങൾക്കും വ്യക്തി–സാമൂഹിക ജീവിതവിശുദ്ധിക്കും ഇസ്ലാം നൽകുന്ന പ്രാധാന്യതയാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. നമ്മോട് സഹകരിക്കുന്നവരുടെ മനസ്സിന് സന്തോഷവും സംതൃപ്തിയും പകർന്നുകൊടുക്കാൻ മറ്റെന്തിനേക്കാളും സ്വഭാവവിശുദ്ധിക്ക് സാധിക്കുന്നു.
ബഹുമാനാദരവുകൾകൊണ്ട് പ്രവാചകെൻറ പുണ്യമുഖത്ത് ദൃഷ്ടി പതിപ്പിക്കാൻപോലും സാധിക്കാത്ത ഒരു സമൂഹമാണ് കൂടെയുള്ളതെങ്കിൽപോലും കാര്യങ്ങൾ അവരുമായി കൂടിയാലോചന നടത്താൻ നാഥൻ കൽപിക്കുന്നു. എത്ര സുന്ദരമാണ് ഈ ജീവിതവ്യവസ്ഥിതി? എത്ര ഉത്കൃഷ്ടമാണ് ഈ പെരുമാറ്റമര്യാദ? നേതാവിെൻറ മനസ്സിൽ ഏകാധിപത്യചിന്തയോ അണികളിൽ അരക്ഷിതബോധമോ ഉണ്ടായിക്കൂടായെന്ന് ശാഠ്യംപിടിക്കുന്ന പ്രത്യയശാസ്ത്രം ലോകത്ത് വേറെ ഏതുണ്ട്?
ഭീഷണിയിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ലോകം ഇസ്ലാമികവത്കരിക്കപ്പെടണമെന്ന് മുസ്ലിംകൾ ആഗ്രഹിക്കുന്നില്ല. മനസ്സിെൻറ അകത്തളങ്ങളിൽ സുദൃഢമായ വിശ്വാസവും ജീവിതവിശുദ്ധിയുംകൊണ്ട് മാത്രമാണ് മതം ആകർഷണീയമാകുന്നത്. വ്യക്തിപരവും സാമൂഹികവുമായി ഏതെല്ലാം മേഖലകളിൽ ബന്ധപ്പെടേണ്ടിവരുന്നുണ്ടോ അവിടെയെല്ലാം വിശുദ്ധിയിലൂന്നി ജീവിതം നയിക്കുന്ന ഉത്തമ സമൂഹം. ആ സമൂഹത്തിന് മാത്രമേ ധർമത്തിെൻറയും നീതിയുടെയും ഉന്നതിക്കായി എന്തെങ്കിലും ചെയ്യാനാകൂ. ലോകം പ്രതീക്ഷിക്കുന്നതും അവരെയാണ്. അവർക്കാണ് ഭൗതിക, പാരത്രിക ജീവിതവിജയങ്ങളും നേട്ടങ്ങളും. റമദാൻ നമുക്കത് നേടിത്തരട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.