നരബലി: സാംസ്കാരിക കേരളം പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം
text_fieldsഇലന്തൂരിലെ നരബലിയിൽ സാംസ്കാരിക കേരളം പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. പ്രാകൃതമായ മനുഷ്യ കുലത്തിന്റെ അടയാളമായ നരബലിക്ക് സമാനമായ സംഭവം നമ്മുടെ കേരളത്തിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇലന്തൂരിലെ നരബലി ലോകത്തിലെവിടെയുമുള്ള മനുഷ്യ സ്നേഹികളെ അക്ഷരാർഥത്തിൽ ഞെട്ടിക്കുകയാണെന്നും സംഭവത്തിൽ വേദനയും ഉൽക്കണ്ഠയും സംസ്ഥാന കമ്മിറ്റി രേഖപ്പെടുത്തി.
സദാ ജാഗരൂകമായ ഇടതുപക്ഷ മനസ്, കണ്ണിലെണ്ണയൊഴിച്ച് കാവൽ നിൽക്കുമ്പോളും കേരളത്തിലേക്ക് വലതുപക്ഷ ജീർണതകൾ ഒളിച്ചു കടത്തപ്പെടുന്നു എന്നത് മനുഷ്യനെ ഉയർത്തി പിടിക്കുന്നവരെ വേദനിപ്പിക്കുന്നുണ്ട്. മനുഷ്യനു വേണ്ടിയുള്ള ആശയ സമരങ്ങളെല്ലാം താളിലെ ജലം പോലെ നിരർഥകമാകുകയാണോ എന്ന മഹാസങ്കടം ഉയരുന്നുണ്ട്.
അതിർത്തികളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ മാതൃകകൾ നമുക്കുണ്ട്. നവോഥാനം ഉയർത്തിപ്പിടിച്ച സാഹോദര്യത്തിന്റെ മാതൃകാ സ്ഥാനങ്ങളുമുണ്ട്. ആധുനിക സാങ്കേതിക പുരോഗതിയുടെ, മനുഷ്യന്റെ മഹത്യം വിളിച്ചോതുന്ന യുക്തിബോധത്തിന്റെ, ശാസ്ത്ര ബോധത്തിന്റെ വിശാലമായ പരിസരങ്ങളുമുണ്ട്. സ്നേഹത്തിലും, യുക്തിയിലും, നവ സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ സാമൂഹ്യ ജീവിതത്തിനു വേണ്ടിയുള്ള ആശയ സമരങ്ങൾ വളർത്തിയെടുക്കുക തന്നെ വേണം.
നവോഥാന മൂല്യങ്ങളെ വെല്ലുവിളിച്ചു കൊണ്ട് വലതുപക്ഷ ജീർണത അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി തൊട്ടടുത്തു തന്നെയുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണ്. രാജ്യത്ത് ഒരു മത വർഗീയ രാഷ്ട്രീയ കക്ഷി ഭരണം നടത്തുന്നുവെന്നത് നിസാര സംഗതിയല്ല. അത് കുടുംബ ജീവിതവും വ്യക്തി ബന്ധവും അടക്കം മനുഷ്യന്‍റെ സമസ്ത ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ഈ സന്ദർഭത്തിൽ മനുഷ്യന്റെ ഭാവിയിലുള്ള ആത്മവിശ്വാസം കാത്തുസൂക്ഷിച്ചു കൊണ്ട് മുന്നോട്ടു പോവുക തന്നെ വേണം.
രാജ്യത്ത് മേധാവിത്തം നേടിക്കൊണ്ടിരിക്കുന്ന പിന്തിരിപ്പൻ ആശയങ്ങൾക്കെതിരെ കേരളം നിലകൊള്ളണം. ഈ സന്ദർഭത്തിൽ നാം ഒരു തോറ്റ ജനതയല്ല എന്ന ജാഗ്രത കാത്തു സൂക്ഷിക്കണമെന്ന് സകല മനുഷ്യ സ്നേഹികളോടും അഭ്യർഥിക്കുന്നു. മനുഷ്യവിരുദ്ധ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ എടുക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.