സമരാകാശത്തെ രക്തതാരകമായി പുഷ്പൻ...
text_fieldsകണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷികൾ ഇനി അവർ ആറുപേരാണ്. വെടിയുണ്ട തളർത്തിയ ശരീരവും തളരാത്ത പോരാട്ടവീര്യവുമായി കൂത്തുപറമ്പിലെ ‘ജീവിക്കുന്ന രക്തസാക്ഷി’ സഖാവ് പുഷ്പൻ സമരാകാശത്തെ ആറാം നക്ഷത്രമായി. സി.പി.എമ്മിന്റെയും പുരോഗന യുവജന പ്രസ്ഥാനങ്ങളുടെയും പോരാട്ടചരിത്രങ്ങളുടെ വൈകാരിക പ്രതീകം ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി യാത്രയായി. കൂത്തുപറമ്പില്‍ വെടിയേറ്റു വീണയിടത്തും പഠിച്ച ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലും പുഷ്പന്റെ ഭൗതിക ശരീരമെത്തിച്ചു. മുദ്രാവാക്യങ്ങളുമായി പ്രിയ സഖാക്കളും സുഹൃത്തുക്കളും യാത്രാമൊഴി നേരാനെത്തി.
സ്വാശ്രയ വിദ്യാഭ്യാസ നയങ്ങളുമായി ബന്ധപ്പെട്ട് 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ അർബൻ സഹകരണ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.വി. രാഘവനെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തടയുന്നതിനിടയിലാണ് പുഷ്പന് പൊലീസിന്റെ വെടിയേറ്റത്. കെ.കെ. രാജീവന്. കെ.വി. റോഷന്, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചുപേർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. തലക്ക് വെടിയേറ്റ് സുഷുമ്നനാഡി തകര്‍ന്ന് 30 വർഷമായി കിടപ്പിലായ പുഷ്പൻ ശനിയാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ആശുപത്രിയിലും യൂത്ത് സെന്ററിലും നിരവധിപേർ അഭിവാദ്യമർപ്പിക്കാനെത്തി. ഞായറാഴ്ച രാവിലെ കോഴിക്കോടുനിന്ന് വിലാപയാത്ര പുറപ്പെട്ടു. കോഴിക്കോടും വഴിയിലുടനീളവും നിരവധിപേർ അന്ത്യോപചാരമർപ്പിക്കാൻ കാത്തിരുന്നിരുന്നു. എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹി പാലം, പുന്നോൽ എന്നിവിടങ്ങളിൽ ഒട്ടേറെപേർ അന്ത്യാഭിവാദ്യമർപ്പിച്ചു. 11ഓടെ മൃതദേഹം തലശ്ശേരി ടൗൺ ഹാളിലെത്തിച്ചു. പ്രിയസഖാവിനെ കാണാനായി പാർട്ടി പ്രവർത്തകരുടെയും നാട്ടുകാരുടെയും നീണ്ടനിരയായിരുന്നു. ഒരുമണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനുശേഷം കൂത്തുപറമ്പിന്റെ മണ്ണിലേക്ക്. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനുശേഷം വൈകീട്ട് അഞ്ചോടെ മൃതദേഹം മേനപ്രത്തെ വീട്ടിലെത്തിച്ചു.
മൂന്നുപതിറ്റാണ്ട് കാലം ശയ്യാവലംബിയായ വീട്ടിൽ ചേതനയറ്റെത്തിയ പുഷ്പനെ സഖാക്കൾ ഏറ്റുവാങ്ങി. കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം നിരവധിപേർ അവസാനമായി ഒരുനോക്ക് കാണാനെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം തുടങ്ങിയ നേതാക്കൾ അന്ത്യയാത്രയിൽ ഭൗതികശരീരം തോളിലേറ്റി. ‘പോരാട്ടത്തിൻ പോർക്കളത്തിൽ ഞങ്ങളെയാകെ നയിച്ചവനെ നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ’ മുദ്രാവാക്യം വിളികൾ ഉച്ചസ്ഥായിലായി. തണ്ടൊടിഞ്ഞിട്ടും ഉശിരോടെ വാടാതങ്ങനെ നിന്നവൻ നാടിന് തേങ്ങലായി, മരിക്കാത്ത ഓർമയായി ഒടുവിൽ ചിതയിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.