പാർട്ടിയേയും സർക്കാറിനേയും നിരവധി തവണ പ്രതിസന്ധിയിലാക്കി; ഒടുവിൽ രാജി
text_fieldsതിരുവനന്തപുരം: സി.പി.എം നേതൃത്വത്തേയും സംസ്ഥാന സർക്കാറിനേയും നിരവധി തവണ പ്രതിസന്ധിയിലാക്കിയ ശേഷമാണ് വനിത കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് നിന്ന് എം.സി.ജോസഫൈന്‍റെ രാജിയുണ്ടായിരിക്കുന്നത്. ജോസഫൈന്‍റെ പ്രസ്താവനകൾ പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയപ്പോഴും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസത്തെ അവരുടെ പരാമർശം പരിധി വിടുകയും സമൂഹമാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകളിലടക്കം വ്യാപക വിമർശനമുയരുകയും ചെയ്തതോടെയാണ് പാർട്ടി കടുത്ത നടപടികളിലേക്ക് കടന്നത്.
മുൻ എം.എൽ.എ പി.കെ ശശിയുമായി ബന്ധപ്പെട്ട പീഡന പരാതിയിൽ ജോസഫൈൻ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. പി.കെ ശശിക്കെതിരെ വനിത കമ്മീഷൻ സ്വമേധയ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അവരുടെ വിവാദ പ്രതികരണം. പീഡനത്തിരിയായ പെൺകുട്ടി പാർട്ടിക്കാണ് പരാതി നൽകിയത്. ഞങ്ങളുടെ പാർട്ടിക്ക് സ്വന്തമായ അന്വേഷണ സംവിധാനവും കോടതിയുമുണ്ടെന്നായിരുന്നു ജോസഫൈന്‍റെ പ്രസ്താവന.
രമ്യ ഹരിദാസ് എം.പിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ അധിക്ഷേപിച്ചപ്പോൾ എം.സി. ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തിയിരുന്നു. രമ്യഹരിദാസിന് നേരിട്ട് പരാതി നൽകാമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ജോസഫൈന്‍റെ പ്രതികരണം. വനിത കമ്മീഷൻ സ്വമേധയ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കില്ലെന്ന സൂചനയായിരുന്നു അവർ അന്ന് നൽകിയത്. രമ്യ രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്ന പ്രസ്താവനയും വനിത കമ്മീഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.