പുത്തുമല മരം ലേലം: വകുപ്പുതല അന്വേഷണം വേണം –സി.പി.ഐ
text_fieldsകൽപറ്റ: പുത്തുമലയിലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ മരങ്ങൾ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ രംഗത്ത്. മരങ്ങൾ തിട്ടപ്പെടുത്തുകയും ലേലം ചെയ്യുകയും ചെയ്ത റവന്യൂ ഉദ്യോഗസ്ഥടക്കം നടപടികൾ പാലിച്ചിട്ടില്ലെന്നും സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നും സി.പി.ഐ മേപ്പാടി, ചൂരൽമല ലോക്കൽ സെക്രട്ടറിമാർ നേരേത്ത വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. 1,76,000 രൂപക്ക് ലേലംചെയ്ത മരങ്ങൾ ലേലപരസ്യപ്രകാരം ലാഭമാണെന്ന് തോന്നുമെങ്കിലും അണിയറയിൽ വൻ അഴിമതിയാണ് നടന്നത്.
ദുരന്തഭൂമിയിൽ ഒലിച്ചുവന്ന മരങ്ങൾ അളക്കുകയും വിലയിടുകയും ചെയ്ത വനം ഉദ്യോഗസ്ഥരും ലേലപരസ്യം വെള്ളാർ മല വില്ലേജ് ഓഫിസിൽ മാത്രം പ്രസിദ്ധപ്പെടുത്തിയ വില്ലേജ് ഓഫിസറും അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥരും ക്രമക്കേടിന് കൂട്ടുനിന്നതായി സി.പി.ഐ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ അഴിമതി ആയുധമാക്കാൻ ചിലർ ശ്രമിക്കുമ്പോൾ, സി.പി.ഐക്ക് ബാധ്യത നാട്ടിലെ ജനാധിപത്യവിശ്വാസികളോടാണ്. മരംലേലം അടക്കമുള്ള കാര്യങ്ങളിലെ ഗൂഢാലോചന സർക്കാറിെൻറ പ്രതിച്ഛായ തകർക്കാൻവേണ്ടിയാണ്. വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിമാർക്കും മറ്റും പരാതി നൽകുമെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ സഹദേവൻ, പ്രശാന്തൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.