മുസ്ലിം ലീഗ് രൂപവത്കരണത്തിനുമുമ്പ് ഹരിത പതാക പാറിപ്പറന്ന പുതുനഗരം
text_fieldsപുതുനഗരം: ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ എന്ന സ്ഥാപക നേതാവിനെ ഓർക്കാതെ മുസ്ലിം ലീഗിന്റെ ചരിത്രമില്ല. പാർട്ടി രൂപവത്കരിക്കുന്നതിനുമുമ്പ് ഹരിത പതാക പാറിപ്പറന്ന പ്രദേശമാണ് പുതുനഗരമെന്ന് ഖാഇദേ മില്ലത്തിന്റെ ഓർമകൾ പങ്കുവെച്ച് മുതിർന്ന ലീഗ് നേതാവ് എ.വി. ജലീൽ പറയുന്നു. സർവേന്ത്യ മുസ്ലിം ലീഗിന്റെ സമ്മേളനം 1947 ഡിസംബറിൽ കറാച്ചിയിൽ നടക്കുമ്പോൾ അവിടെയെത്തിയ ഖാഇദേ മില്ലത്ത്, ആ സമ്മേളനത്തിൽവെച്ചാണ് സ്വതന്ത്ര ഇന്ത്യയിൽ ലീഗിന്റെ ഘടകം രൂപവത്കരിക്കാനുള്ള തീരുമാനം അറിയിച്ചത്.
യോഗനടപടികൾകൊടുവിൽ ഇന്ത്യയിൽ മുസ്ലിം ലീഗ് രൂപവത്കരിക്കാനായി ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിലിനെ കൺവീനറായി യോഗം തിരഞ്ഞെടുക്കുകയായിരുന്നു. പാലക്കാട്ട് മുസ്ലിം ലേബർ യൂനിയൻ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് യൂനിയൻ നേതാവ് ഇ.എസ്.എം. ഹനീഫ ഹാജി ഖാഇദേ മില്ലത്തിനോട് ആവശ്യപ്പെട്ടിരുന്നു. പങ്കെടുക്കാമെന്നേറ്റ ഖാഇദേ മില്ലത്ത്, കറാച്ചിയിലെ യോഗത്തിനുശേഷം പാലക്കാട്ടേക്ക് യാത്ര തിരിച്ചു.
വിഭജനാനന്തര ഇന്ത്യയിൽ മുസ്ലിം ലീഗ് വേണ്ട എന്ന നിലപാടിലായിരുന്നു അന്നത്തെ അധികാരി വർഗം. മുസ്ലിം ലേബർ യൂനിയൻ സമ്മേളനം ചേരുന്നത് തടയാൻ അന്നത്തെ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് നഗരത്തിലും ഏഴ് മൈൽ ചുറ്റളവിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ആളുകൾ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുതെന്ന് വിളംബരം ചെയ്തു. ഈ സാഹചര്യത്തിലാണ് പാലക്കാട്ട് നടത്തേണ്ട സമ്മേളനം തമിഴ് മുസ്ലിംകൾ തിങ്ങിത്താമസിക്കുന്ന പുതുനഗരത്തേക്ക് മാറ്റാൻ സംഘാടകർ തീരുമാനിച്ചത്.
ഈ സമ്മേളനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സ്വതന്ത്ര ഇന്ത്യയിൽ പാർട്ടി രൂപവത്കരണത്തിന് മുമ്പ് ചേർന്ന ലീഗിന്റെ മഹാസമ്മേളനമായിരുന്നു പുതുനഗരത്തേതെന്ന് എ.വി. ജലീൽ പറയുന്നു. ഇ.എസ്.എം. ഹനീഫ ഹാജി ആയിരുന്നു അധ്യക്ഷൻ. തത്തമംഗലം പി.എ. ഖാദർ മീരാൻ സ്വാഗതം പറഞ്ഞു. ജില്ലയുടെ പല പ്രദേശങ്ങളിൽനിന്നും ആളുകളെത്തി തിങ്ങിനിറഞ്ഞു. ലീഗിന്റെ അർധചന്ദ്രാംഗിത ഹരിത പതാക സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി പുതുനഗരം പള്ളി മൈതാനിയിൽ പാറിപ്പറന്നു.
1972 ഏപ്രിലിൽ പാലക്കാട്ട് നടന്ന സംസ്ഥാന സമ്മേളനത്തിൽ പുതുനഗരം എന്ന ചെറിയ ഗ്രാമത്തിലെ ജനങ്ങളാണ് മുസ്ലിം ലീഗ് രൂപവത്കരിക്കാൻ പ്രചോദനം നൽകിയതെന്ന് ഖാഇദേ മില്ലത്ത് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 1948 മാര്‍ച്ച് 10ന് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ ദേശീയതലത്തില്‍ മുസ്ലിം സമ്മേളനം വിളിച്ചുകൂട്ടി. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംകള് അടക്കമുള്ള പീഡിത ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനും പ്രവര്‍ത്തിക്കാനും ഉതകുന്ന മതേതര ജനാധിപത്യ രാഷ്ട്രീയ ശാക്തീകരണ പ്രസ്ഥാനം എന്ന ആശയം മുഹമ്മദ് ഇസ്മായില്‍ മുന്നോട്ടുവെച്ചു.
ആ യോഗത്തിൽ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് രൂപവത്കരിക്കുകയും ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1972ല്‍ 76ാം വയസ്സില്‍ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പാര്‍ട്ടി രൂപവത്കരണവേളയില്‍ അദ്ദേഹം മദ്രാസ് പ്രവിശ്യ അസംബ്ലി അംഗമായിരുന്നു (1946-1952).
1948ല്‍ രൂപവത്കൃതമായ ഭരണഘടന നിർമാണ സഭയിലും അംഗമായി (1948 -52). സ്വാതന്ത്ര്യ ലബ്ദിക്കുമുമ്പ് 1946ല്‍ മദ്രാസ് പ്രവിശ്യ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് 29 സീറ്റുകളില്‍ വിജയിച്ചിരുന്നു. അദ്ദേഹം പ്രതിപക്ഷ നേതാവും ആയി. രാഷ്ട്രീയ നേതാക്കള്‍ മുഹമ്മദ് ഇസ്മായിലിനെ മാതൃകയാക്കണമെന്ന് എം. ഭക്തവത്സലം ആഹ്വാനം ചെയ്തത് അക്കാലത്തായിരുന്നെന്ന് എ.വി. ജലീൽ പറഞ്ഞു. ഖാഇദേ മില്ലത്ത് പാർട്ടി പതാക ഉയർത്തിയ പുതുനഗരം ഗ്രാമപഞ്ചായത്ത് ഭരണം ഇപ്പോഴും ലീഗിന്റെ കൈകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.