വ്യക്തിത്വം, വിവാദം, വികസനം, വിശ്വാസം =പുതുപ്പള്ളി ഫലം
text_fieldsകോട്ടയം: ഇതുവരെ പുതുപ്പള്ളി ദർശിച്ചിട്ടില്ലാത്ത ചൂടും ചൂരും വീറും വാശിയും കണ്ട ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ വ്യക്തിത്വം, വിവാദം, വികസനം, വിശ്വാസം എന്നിവയിലൂന്നിയ പ്രചാരണം വോട്ടർമാരിൽ എത്രകണ്ട് സ്വാധീനം ചെലുത്തുമെന്നതാകും വിധി നിർണയിക്കുക. സ്ത്രീ വോട്ടർമാർ ഏറെയുള്ള മണ്ഡലത്തിൽ അവരുടെ നിലപാടുകളും സാമുദായിക വോട്ടുകളും നിർണായകമാണ്. കാൽ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു. 2011ൽ ഉമ്മൻ ചാണ്ടി കൈവരിച്ച 33,000 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം പഴങ്കഥയാകുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. എന്നാൽ, 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെയ്ക് സി. തോമസ് മണ്ഡലത്തിൽ അട്ടിമറി നടത്തുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അഞ്ച് പതിറ്റാണ്ട് ഉമ്മൻ ചാണ്ടിയും എൽ.ഡി.എഫ് സ്ഥാനാർഥികളുമായിട്ടായിരുന്നു മൽസരമെങ്കിൽ ഇക്കുറിയാണ് തികച്ചും രാഷ്ട്രീയ പോരിലേക്ക് പുതുപ്പള്ളി മാറിയത്. കൊട്ടിക്കലാശത്തിലുൾപ്പെടെ അത് പ്രകടമായി.
വ്യക്തിപരമായ അധിക്ഷേപങ്ങൾ, വികസനം, സഭ തർക്കം, മിത്ത് വിവാദം എന്നിവയെല്ലാം പുതുപ്പള്ളിയുടെ വിധിയിൽ നിർണായക ഘടകങ്ങളാണ്. തുടക്കത്തിൽ ഉമ്മൻ ചാണ്ടിയുടെ ചികിത്സയും മരണവും കബറിട സന്ദർശനവും വിവാദമാക്കിയ എൽ.ഡി.എഫ്, പിന്നീട് വികസനത്തിലേക്ക് പ്രചാരണ മുന തിരിച്ചു. ഉമ്മൻ ചാണ്ടി എന്ന വികാരത്തിലൂന്നിയാണ് യു.ഡി.എഫ് തുടക്കം മുതൽ അവസാനം വരെ പ്രചാരണം നടത്തിയത്.
ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ നിലപാടുകളും നിർണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുസഭകളും ഉമ്മൻ ചാണ്ടിയോട് അകൽച്ച പാലിച്ചിരുന്നു. അതിനൊപ്പം സോളാർ വിവാദവും പ്രശ്നമായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ നിര്യാണത്തോടെ ആ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. സ്പീക്കർ എ.എൻ. ഷംസീർ ഉയർത്തിയ മിത്ത് വിവാദം മണ്ഡലത്തിൽ പരമാവധി കത്തിച്ച് വോട്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.