ചടുലം ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി പ്രദക്ഷിണം
text_fieldsസമയം ഉച്ചക്ക് 12.15, വെയിലിന്റെ കാഠിന്യം കൂടുന്നു. പക്ഷേ, വാകത്താനം ചൊരിക്കൻപാറ കോളനിക്ക് സമീപം കൂടിനിന്ന സ്ത്രീകളും കുട്ടികളുമുൾപ്പെടെ ജനസഞ്ചയത്തിന്റെ ആവേശം കെടുത്താനുള്ള കരുത്ത് ആ വെയിലിനുണ്ടായിരുന്നില്ല. പാലാപ്പള്ളി... എന്ന സിനിമാ ഗാനത്തിന്റെ ശൈലിയിലുള്ള ‘വായോ നാട്ടാരേ’ പാരഡി ഗാനം കേട്ടു. അതിനൊപ്പം ചുവടുവെച്ച് കോൽകളി സംഘവും റോഡ് നിറഞ്ഞു.
പിന്തുണയുമായി കൈകൊട്ടി സ്ത്രീകളും നിരത്ത് കൈയടക്കിയതോടെ ആകെ ഉത്സവാന്തരീക്ഷം. ആഹ്ലാദ ആരവങ്ങൾക്കിടയിലേക്ക് ആ അനൗൺസ്മെന്റ് ഒഴുകിയെത്തി. തുറന്ന വാഹനത്തിൽ തുറന്ന ചിരിയുമായി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ഒപ്പം പി.സി. വിഷ്ണുനാഥ് എം.എൽ.എ അടക്കം നേതാക്കളും. അതോടെ കാത്തുനിന്നവരുടെ ആവേശം ഉയർന്നു. കരഘോഷത്തോടെ സ്ഥാനാർഥിയെ സ്വീകരിച്ചു. പിന്നീട് ഹാരാർപ്പണവും പുഷ്പങ്ങളും സമ്മാനിക്കാനുള്ള തിക്കും തിരക്കും.
അതിന് നന്ദി അറിയിച്ച് പ്രസംഗം തുടങ്ങിയ ചാണ്ടി ഉമ്മൻ തനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭാരത് ജോഡോ യാത്ര സംഘാംഗങ്ങളെയും നാട്ടുകാർക്ക് പരിചയപ്പെടുത്തി. അതിനിടെ കൈക്കേറ്റ പരിക്കുമായി എത്തിയ ഒരു പ്രവർത്തകൻ വാഹനത്തിൽനിന്ന് സ്ഥാനാർഥി ഇറങ്ങി വോട്ടർമാരെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇറങ്ങാമെന്ന് പ്രസംഗത്തിനിടെ ചാണ്ടി ഉമ്മന്റെ ഉറപ്പ്. പിന്നീട് പ്രസംഗം പൂർത്തിയാക്കി വാഹനത്തിൽനിന്നിറങ്ങി ചടുല വേഗതയിൽ വോട്ടർമാർക്കിടയിൽ ഇറങ്ങി വോട്ടഭ്യർഥന. സ്ത്രീകളും കുട്ടികളുമുൾപ്പെടെ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കി. അവരെയാരെയും നിരാശപ്പെടുത്താതെ ചാണ്ടി ഉമ്മനും ഒപ്പംകൂടി.
പ്രചാരണ വാഹനം പതുക്കെ ഇടുങ്ങിയ റോഡിലേക്ക് കയറി. അവിടെ വീടുകൾക്ക് മുന്നിലൊക്കെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ കൈവീശി, പ്രത്യഭിവാദ്യം ചെയ്ത് സ്ഥാനാർഥി ഉദിക്കൽ എന്ന സ്ഥലത്തേക്ക്. അവിടെയും നിരവധിപേരാണ് സ്ഥാനാർഥിയെ കാണാൻ തടിച്ചുകൂടിയത്. അവരുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങിയശേഷം പിതാവ് മണ്ഡലങ്ങളിൽ നടപ്പാക്കിയ വികസനങ്ങളുടെ തുടർച്ചക്കായി വിജയിപ്പിക്കണമെന്ന അഭ്യർഥന. അവിടെനിന്ന് ഞാലിയാങ്കുഴിയിലേക്ക്.
പിന്നീട് തൃക്കോതമംഗലം, കാടമുറി, ചക്കൻചിറ തുടങ്ങി വാകത്താനം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വെള്ളിയാഴ്ച ചാണ്ടി ഉമ്മന്റെ പര്യടനം. പുതുപ്പള്ളിയിലെ ജനത എന്തായാലും തന്നെ പിന്തുണക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പുതുപ്പള്ളിയിലെ പൊതുയോഗത്തിലും പങ്കെടുത്തശേഷമാണ് പര്യടന പരിപാടിക്ക് സമാപനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.