ചെങ്കൊടിയേന്തി അവർ വിളിച്ചു; ജെയ്കേ... ജയിക്കണേ
text_fieldsകൈകളിൽ ചെങ്കൊടികളുമായി പൊങ്ങൻപാറയിൽ കുറേ കുരുന്നുകൾ, അവർക്കിടയിൽ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും. പരാതി പറയാൻ ആരെയോ കാത്തുനിൽക്കുന്നവരുടെ ഭാവമായിരുന്നു അവരിൽ. അവിടേക്ക് തുറന്ന ജീപ്പിൽ വാഹനങ്ങളുടെ അകമ്പടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് കടന്നുവന്നു. അപ്പോഴേക്കും കൈക്കുഞ്ഞുമായി ഒരു സ്ത്രീ സ്ഥാനാർഥിയുടെ അരികിലേക്കെത്തി. ഇക്കുറി വോട്ട് നൽകും, പക്ഷെ ഞങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണം. അതായിരുന്നു ആവശ്യം. പുഞ്ചിരിയോടെ സ്ഥാനാർഥി പരാതികൾ കേട്ടു. നിങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം സർക്കാർ പരിഹാരം കണ്ടുവരികയല്ലേ, കുടിവെള്ളം, റോഡ് പ്രശ്നങ്ങൾക്കൊക്കെ പരിഹാരം കാണുമെന്ന ഉറപ്പും നൽകി.
തൊട്ടടുത്തുള്ള പല ജലസ്രോതസ്സുകളിലും മാലിന്യം അടിഞ്ഞതുമൂലം ഈ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയായിരുന്നു അവർക്കെല്ലാം. കുടിവെള്ളം കോൺഗ്രസിന്റേയോ കമ്യൂണിസ്റ്റിന്റേയോ മാത്രം പ്രശ്നമല്ലെന്നും ജനങ്ങളുടെ പ്രശ്നമാണിതെന്നും അതിന് പരിഹാരം കാണുന്നതിനുള്ള എല്ലാ നടപടികളും ജയിച്ചാൽ സ്വീകരിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി.
അവിടെനിന്നും പ്രചാരണ വാഹനം പതുക്കെ പിണ്ണാക്ക് മലയിൽ എത്തി. അവിടെയും സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഹാരങ്ങളും പുഷ്പങ്ങളും നൽകി സ്വീകരിച്ചു. മൂന്നാം തവണ പുതുപ്പള്ളി മണ്ഡലത്തിൽനിന്നും മൽസരിക്കുന്ന തന്നെ ഇക്കുറി വിജയിപ്പിക്കണമെന്ന അഭ്യർഥന മാത്രമായിരുന്നു സ്ഥാനാർഥിക്ക് അവരോടുണ്ടായത്. ‘നമ്മുടെ നാട് വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പുതിയ പുതുപ്പള്ളി എന്നതാണ് ലക്ഷ്യം. കുറച്ച് മുമ്പ് കൈക്കുഞ്ഞുമായി എത്തിയ വീട്ടമ്മ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു. അത് ഒരു വീട്ടമ്മയുടെ പ്രശ്നം മാത്രമല്ല, ഈ മണ്ഡലത്തിലെ ആയിരക്കണക്കിന് വീട്ടമ്മമാരുടെ പരാതിയാണ് അത്. അതിന് പരിഹാരം കാണും’ ജെയ്ക് ഉറപ്പ് നൽകി.
അവിടെനിന്നും എറികാട് ലക്ഷംവീട് കോളനിയിലേക്ക്. അവിടെങ്ങും ജെയ്ക്കിന്റെ ചിത്രങ്ങളും ഫ്ലക്സുകളുമായിരുന്നു. സ്ത്രീകളും കുട്ടികളും സെൽഫിയെടുക്കാൻ മൽസരമായിരുന്നു. ആരെയും നിരുൽസാഹപ്പെടുത്താതെ അവർക്കൊപ്പംനിന്ന്, കത്തുന്ന വെയിലിലും തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് ജെയ്ക് അടുത്ത സ്വീകരണ സ്ഥലത്തേക്ക് തിരിച്ചു. പുതുപ്പള്ളിയിൽ ഇക്കുറി വലിയ മാറ്റം വരുമെന്ന പ്രതീക്ഷയാണ് ജെയ്ക് പങ്കുെവച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കണ്ടതുപോലല്ല. ഇക്കുറി പുതുപ്പള്ളി രാഷ്ട്രീയ പോരാട്ടത്തിന് തയാറാണെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങളിൽനിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാകത്താനം പഞ്ചായത്തിലെ വിവിധ കോളനികൾ ഉൾപ്പെടെ ഇടങ്ങളിലായിരുന്നു ജെയ്ക്കിന്റെ വെള്ളിയാഴ്ചത്തെ പര്യടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.