പോളിങ് വൈകിയ സംഭവത്തിൽ റിപ്പോർട്ട് തേടി
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണർകാട് ഗവ.എൽ.പി.എസിൽ വോട്ടിങ് വൈകിയത് സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ ജില്ല കലക്ടറോട് റിപ്പോർട്ട് തേടി. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നൽകിയ പരാതിയിലാണ് നടപടി.
നിശ്ചിതസമയം കഴിഞ്ഞ് രണ്ടുമണിക്കൂറോളം പോളിങ് നീണ്ടത് അസാധാരണമാണെന്ന് വ്യക്തമാക്കിയ ചാണ്ടി ഉമ്മൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സ്കൂളിൽ രാവിലെ തുടങ്ങിയ തിരക്ക് രാത്രി വരെ നീണ്ടിരുന്നു. തിരക്കു മൂലം വോട്ടു ചെയ്യാനെത്തിയവരിൽ പലരും മടങ്ങിപ്പോയതായി കോൺഗ്രസ് പ്രവർത്തകർ ആക്ഷേപമുന്നയിച്ചു. വരി നീണ്ടതിൽ വോട്ടർമാരും പരാതി ഉന്നയിച്ചു.
വിവരമറിഞ്ഞ് ബൂത്ത് സന്ദർശിച്ച ജില്ല കലക്ടർ വി. വിഘ്നേശ്വരിയോടും ഇവർ പരാതി ആവർത്തിച്ചു. സ്വാഭാവികമായുണ്ടായ തിരക്കാണെന്ന് പറഞ്ഞ കലക്ടർ മറ്റ് പ്രശ്നങ്ങളുണ്ടായോ എന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കി. വിവരമറിഞ്ഞ് എൽ.ഡി.എഫ് സഥാനാർഥി ജെയ്ക്ക് സി. തോമസും ബൂത്ത് സന്ദർശിച്ചിരുന്നു. അതിന് പിന്നാലെയാണ് റിപ്പോർട്ട് തേടിയത്.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 72.91 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2021ൽ 74.84 ശതമാനമായിരുന്നു പോളിങ്. ആവേശ പ്രചാരണം നടന്നിട്ടും രണ്ട് ശതമാനത്തോളം പോളിങ് കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയായി. ആകെ 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഏറ്റവും ഒടുവിലെ കണക്ക്. പ്രിസൈഡിങ് ഓഫിസർമാർ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ അവസാന പോളിങ് ശതമാനത്തിൽ മാറ്റം വരുമെന്നും ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. ഇടക്ക് പെയ്ത മഴയും സാങ്കേതിക തകരാറുകളും പോളിങ്ങിനെ ബാധിച്ചു.
പല ബൂത്തുകളിലും തെരഞ്ഞെടുപ്പ് ആറ് മണിക്ക് ശേഷവും നീണ്ടു. ചിലയിടങ്ങളിൽ രാത്രി എട്ടോടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കാനായത്. മണർകാട്, കൂരോപ്പട പഞ്ചായത്തുകളിലെ ചില ബൂത്തുകളിലാണ് രാത്രിവരെ പോളിങ് നീണ്ടത്. ഇതിനെതിരെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും രംഗത്തെത്തി. ചില ബൂത്തുകളിൽ പ്രശ്നങ്ങളുണ്ടായെന്നും എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടാക്കിയെന്നും ജില്ല കലക്ടർ വി. വിഘ്നേശ്വരി പറഞ്ഞു. എട്ട് പഞ്ചായത്തുകൾ ഉൾപ്പെട്ട പുതുപ്പള്ളിയിൽ പതുക്കെയായിരുന്നു പോളിങ് തുടക്കം. എന്നാൽ, 11 മണിയോടെ പോളിങ് വേഗത്തിലായി. വൈകുന്നേരത്തോടെ സ്ത്രീ വോട്ടർമാർ കൂട്ടത്തോടെ എത്തി. അതിനിടെ ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായതും ചില സാങ്കേതിക പ്രശ്നങ്ങളും വോട്ടെടുപ്പിനെ ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.