പിണറായി സർക്കാറിനുള്ള സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറും -വി.ഡി. സതീശൻ
text_fieldsപാമ്പാടി: സ്ത്രീകളെ അപമാനിക്കുന്ന സംഘമായി സി.പി.എം സൈബര്‍ സഖാക്കള്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം പാമ്പാടിയില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകളും ഉമ്മന്‍ചാണ്ടിയുടെ മകളും ഒരുപോലെയല്ല. മുഖ്യമന്ത്രിയുടെ മകള്‍ 1.72 കോടി രൂപ മാസപ്പടിയാണ് വാങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. വഴിയരികില്‍ ചെളിക്കുണ്ടില്‍ കിടക്കുന്നവന്‍ വഴിയേ പോകുന്നവരുടെ മേല്‍ ചെളിവാരിയെറിയുന്നത് പോലെയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയായി. ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്‍റെയും തണലില്‍ ലഹരി മാഫിയാ സംഘങ്ങള്‍ അരങ്ങുവാഴുകയാണ്. ഇതുമൂലം ഏറെ വിഷമിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി. കോട്ടയത്തെ ഒരു സി.പി.എം നേതാവായിരുന്നു അതിന് പിന്നില്‍. എന്നാല്‍ അത് വിലപ്പോകില്ലെന്ന് വന്നതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി തിരുത്തി. എന്നാല്‍ ഇടുക്കിയില്‍ നിന്നും ഒരു വായ പോയ കോടാലിയെ ഇറക്കി അധിക്ഷേപം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള മറുപടി പുതുപ്പള്ളിയിലെ ജനത നല്‍കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.