മത്സരഗോദയിലേക്ക് പുതുപ്പള്ളി; സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ യു.ഡി.എഫ് ഒരുപടി മുന്നിൽ
text_fieldsകോട്ടയം: മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായൊരു തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കാണ് ഇക്കുറി പുതുപ്പള്ളി. 53 വർഷമായി കാര്യമായൊന്നും പുതുപ്പള്ളിക്ക് ആലോചിക്കേണ്ടി വന്നിട്ടില്ല. 2021ലെ തെരഞ്ഞെടുപ്പ് മാറ്റിനിർത്തിയാൽ മറ്റ് തെരഞ്ഞെടുപ്പുകളിലെല്ലാം ഉമ്മൻ ചാണ്ടിക്കും ഭൂരിപക്ഷത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. എന്നാൽ, സോളാർ ആരോപണവും സഭാതർക്കങ്ങളുമെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചപ്പോൾ ഭൂരിപക്ഷം പതിനായിരത്തിൽ താഴേക്ക് കുറഞ്ഞു. ഈ പ്രതിബന്ധങ്ങളെയെല്ലാം അതിജീവിക്കാൻ അപ്പോഴും പുതുപ്പള്ളിക്കാരുടെ ‘കുഞ്ഞൂഞ്ഞിന്’ കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നടക്കുന്ന ഉപതെരഞ്ഞടുപ്പിനെ ഇരുമുന്നണിയും ഗൗരവത്തോടെയാണ് കാണുന്നത്.
യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ മണ്ഡലത്തിൽ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. സംസ്ഥാന നേതാക്കളെ തന്നെ പ്രചാരണ ചുമതലകൾ ഏൽപിച്ചാണ് മുന്നണികൾ പ്രചാരണരംഗത്ത് സജീവമായിട്ടുള്ളത്. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇരുമുന്നണിയും വ്യക്തമാക്കുമ്പോഴും വ്യക്തിപരമായ ആരോപണങ്ങൾക്കും മണ്ഡലം സാക്ഷ്യം വഹിക്കുമെന്ന സൂചനയാണ് ലഭിക്കുക.
ദേശീയ നേതാക്കൾ ഉൾപ്പെടെ രംഗത്തിറങ്ങും. ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് യു.ഡി.എഫ് ഒരുപടി മുന്നിൽ പ്രചാരണം ശക്തമാക്കുകയാണ്. ബുധനാഴ്ച മുതൽ അദ്ദേഹം മണ്ഡലത്തിൽ പ്രചാരണം ആരംഭിക്കും. പുതുപ്പള്ളി മണ്ഡലത്തെ രണ്ട് ബ്ലോക്കായി തിരിച്ചാണ് കോൺഗ്രസ് പ്രവർത്തനം. പുതുപ്പള്ളി ബ്ലോക്കിന് തിരുവഞ്ചൂർ രാധാകൃഷ്ണനും അകലക്കുന്നം ബ്ലോക്കിന് കെ.സി. ജോസഫുമാണ് മേൽനോട്ടം വഹിക്കുന്നത്. ഇവർക്കു കീഴിൽ എട്ട് മണ്ഡലം കമ്മിറ്റികളും പ്രവർത്തിക്കും.
ഇവയുടെ ചുമതലക്കാരെ തീരുമാനിച്ചു. സി.പി.എമ്മാകട്ടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ച് നൽകിയുള്ള പ്രവർത്തനത്തിലാണ്.
മന്ത്രി വി.എൻ. വാസവനാണ് പ്രധാന ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.