പൊന്നാനിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പാർട്ടി അണികളുടെ പ്രതിഷേധ പ്രകടനം
text_fieldsപൊന്നാനി: പുതുപൊന്നാനിയിൽ സി.പി.എം ബ്രാഞ്ച് സമ്മേളന സ്ഥലത്തേക്ക് പാർട്ടി അനുഭാവികൾ പ്രതിഷേധ പ്രകടനം നടത്തി. ജില്ല സെക്രേട്ടറിയറ്റംഗം ടി.എം. സിദ്ദീഖിനെതിരെ സി.പി.എം മലപ്പുറം ജില്ല നേതൃത്വം അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തതിനെത്തുടർന്നുള്ള പ്രതിഷേധമാണ് തെരുവിലേക്ക് പടർന്നത്.
പുതുപൊന്നാനി എ.യു.പി സ്കൂളിൽ നടന്ന നോർത്ത് ബ്രാഞ്ച് സമ്മേളന സ്ഥലത്തേക്കാണ് ഏഴുപേർ പ്രകടനവുമായെത്തിയത്. പുതുപൊന്നാനി സെൻററിൽ നിന്നാണ് ഷുഹൈബ്, അഷ്കർ, മൊയ്തുട്ടി, ഹംസു, ജിഫ്രി, മൊയ്തു, അലി എന്നിവരെത്തിയത്.
സമ്മേളന വേദിക്കരികിൽ ഏരിയ കമ്മിറ്റിയംഗം എം.എ. ഹമീദ്, പൊന്നാനി നഗരം ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ യു.കെ. അബൂബക്കർ എന്നിവരെത്തി പ്രകടനക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, സമ്മേളനം അലങ്കോലമാക്കാനെത്തിയതല്ലെന്നും, സിദ്ദീഖിനെതിരെ നടപടിയിൽ നേതൃത്വത്തിെൻറ ഭാഗത്തുനിന്ന് വിശദീകരണം വേണമെന്നും അറിയിച്ചു. എന്നാൽ, മാധ്യമങ്ങളിൽ വന്ന വാർത്തകൾ മാത്രമേ തങ്ങൾക്കുമറിയൂവെന്നും, സംസ്ഥാന നേതൃത്വം തീരുമാനമൊന്നുമറിയിച്ചിട്ടില്ലെന്നും ഏരിയ നേതാക്കൾ അറിയിച്ചതോടെ ഇവർ പിരിഞ്ഞുപോയി.
വെളിയങ്കോട് മാട്ടുമ്മലിൽ പ്രതിനിധികളെത്താത്തതിനാൽ ബ്രാഞ്ച് സമ്മേളനം മാറ്റിവെച്ചു. ശനിയാഴ്ച നടക്കാനിരുന്ന സമ്മേളനത്തിൽ ചുമതലയുണ്ടായിരുന്ന ഏരിയ കമ്മിറ്റിയംഗം രജീഷ് ഊപ്പാല എത്തിയെങ്കിലും സെക്രട്ടറിയുൾപ്പെടെ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ ആരുമെത്താത്തതിനാൽ മാറ്റിവെക്കുകയായിരുന്നു.
വെളിയങ്കോട് പഴഞ്ഞിയിൽ ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽനിന്ന് നാല് അംഗങ്ങൾ ഇറങ്ങിപ്പോയി. ജാബിർ, കെ. ഹാരിസ്, പ്രബീഷ്, ഹാരിസ് എന്നിവരാണ് ഇറങ്ങിപ്പോയത്. സിദ്ദീഖിനെതിരായ നടപടി അനീതിയാണെന്നും, പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.