‘പുതുപ്പള്ളി’ക്ക് മൂന്നുനാൾ കൂടി, പ്രചാരണം പാരമ്യത്തിൽ
text_fieldsകോട്ടയം: പരസ്യപ്രചാരണത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മുന്നണികളുടെ പ്രചാരണം പാരമ്യത്തിൽ. കേന്ദ്ര-സംസ്ഥാന മന്ത്രിമാരെയും നേതാക്കളെയും കളത്തിലിറക്കി പരമാവധി വോട്ട് നേടാൻ മുന്നണികൾ പെടാപ്പാട് പെടുകയാണ്. ഓണാഘോഷങ്ങളുടെ ഭാഗമായി പരസ്യപ്രചാരണത്തിന് പകുതി ഇടവേള നൽകിയ ശേഷം വെള്ളിയാഴ്ച മുതൽ സ്ഥാനാർഥികൾ വാഹന പര്യടനത്തിൽ സജീവമാകും. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർ വെള്ളിയാഴ്ച മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. ചതയ ദിനാഘോഷത്തിലായിരുന്നു വ്യാഴാഴ്ച സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധപതിപ്പിച്ചത്. മിക്ക ആരാധനാലയങ്ങളിലും എത്താനാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ, എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്, ബി.ജെ.പി സ്ഥാനാർഥി ജി. ലിജിൻ ലാൽ എന്നിവർ സമയം കണ്ടെത്തിയത്.
രാഷ്ട്രീയ വാദപ്രതിവാദങ്ങളിലൂടെയാണ് പുതുപ്പള്ളി പ്രചാരണം ഇതുവരെ മുന്നോട്ട് പോയത്. ഉമ്മൻ ചാണ്ടി എന്ന വികാരത്തിലൂന്നി യു.ഡി.എഫ് പ്രചാരണം സജീവമാക്കിയപ്പോൾ വികസനം പറയാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് ശ്രമിച്ചു.
യു.ഡി.എഫ് നേതാക്കൾ കൂട്ടത്തോടെ പ്രചാരണ രംഗത്തിറങ്ങിയപ്പോൾ മന്ത്രിമാരെ കൂട്ടത്തോടെ ഇറക്കി സി.പി.എം വികസന സദസ്സുകൾ സംഘടിപ്പിച്ചു. ബി.ജെ.പിയാകട്ടെ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ ഉൾപ്പെടെയുള്ളവരെ പ്രചാരണത്തിനിറക്കി. ഈമാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ്. മൂന്നിന് പരസ്യ പ്രചാരണം അവസാനിക്കും.
എ.കെ. ആന്റണി, ശശി തരൂർ ഉൾപ്പെടെയുള്ളവരുമായി റോഡ്ഷോക്ക് യു.ഡി.എഫ് തയാറാകുമ്പോൾ മൂന്നാംഘട്ടത്തിൽ മുഖ്യമന്ത്രിയെ വെള്ളിയാഴ്ച മണ്ഡലത്തിൽ എത്തിച്ചുള്ള പ്രചാരണത്തിലാണ് എൽ.ഡി.എഫ്. വിവാദവിഷയങ്ങൾ അവസാന നിമിഷവും മണ്ഡലത്തിൽ സജീവമാക്കാനുള്ള നീക്കം മുന്നണികൾ തുടരുമ്പോൾ വീറും വാശിയുമുള്ള തെരഞ്ഞെടുപ്പിലേക്ക് പുതുപ്പള്ളി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.