പുതുപ്പള്ളി: സമയമുണ്ടെന്ന് കോൺഗ്രസ്; കരുക്കൾ നീക്കി സി.പി.എം
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്ന നിലയിൽ കോൺഗ്രസ് നീങ്ങുമ്പോൾ രാഷ്ട്രീയമായി കരുക്കൾ നീക്കി സി.പി.എം. സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകൾ കോൺഗ്രസിൽ തുടരുന്നതിനിടെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക നടപടികൾ സി.പി.എം ആരംഭിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശാനുസരണമാണ് തെരഞ്ഞെടുപ്പ് നടപടികൾ ആസൂത്രണം ചെയ്യുന്നത്. മാസങ്ങൾക്കുള്ളിൽ ലോക്സഭ തെരഞ്ഞെടുപ്പുകൂടി വരുന്ന സാഹചര്യത്തിൽ പുതുപ്പള്ളിയിലെ മത്സരം വളരെ പ്രധാനപ്പെട്ടതായാണ് എൽ.ഡി.എഫ് കാണുന്നത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതലകൾ വിഭജിച്ച് നൽകിക്കഴിഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതും പരിശോധനയുമുൾപ്പെടെ തയാറെടുപ്പുകളും ആരംഭിച്ചു.
യു.ഡി.എഫല്ല മറിച്ച് ഉമ്മൻ ചാണ്ടിയായിരുന്നു പുതുപ്പള്ളിയിൽ വെല്ലുവിളി ഉയർത്തിയിരുന്നതെന്നും മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ വരുന്ന മാറ്റം ഗുണം ചെയ്യുമെന്നുമുള്ള പ്രതീക്ഷയിലാണ് സി.പി.എം. സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിലും പാർട്ടിതലത്തിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, മൂന്ന് മാസമെങ്കിലും കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോഴേ സ്ഥാനാർഥി പ്രഖ്യാപനം വേണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ ആദരം മണ്ഡലം നിലനിർത്താൻ സഹായകമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സ്ഥാനാർഥി വിഷയത്തിൽ കൂടുതൽ ചർച്ചകളിലേക്കും വിവാദങ്ങളിലേക്കും നീങ്ങുന്നത് ഗുണകരമല്ലെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകാനാണ് സാധ്യതകളേറെ. മകൾ അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ചാണ്ടിയുടെ സാധ്യതയേറി. അതേസമയം, മണ്ഡലത്തിലെ എട്ട് പഞ്ചായത്തിൽ പുതുപ്പള്ളി അടക്കം ആറെണ്ണവും തങ്ങളുടെ ഭരണത്തിലാണെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എമ്മും എൽ.ഡി.എഫും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ ജെയ്ക് സി. തോമസ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം റജി സക്കറിയ എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി എന്ന നിലയിൽ പ്രചരിക്കുന്നത്.
യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഈ വോട്ടുകളും നിർണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഭാതർക്കം ഉമ്മൻ ചാണ്ടിയുടെ വോട്ടിൽ വിള്ളൽ വീഴ്ത്തിയിരുന്നു.എന്നാൽ, ഇക്കുറി അതുണ്ടാകില്ലെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. സ്ഥാനാർഥി ഉമ്മൻ ചാണ്ടിയല്ലാത്തതിനാൽ മണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം വോട്ട് നേടാനാകുമെന്ന പ്രതീക്ഷ ബി.ജെ.പിയും പുലർത്തുന്നുണ്ട്.
‘തൃക്കാക്കര മാതൃക’ സ്വീകരിക്കാൻ കോൺഗ്രസ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും തൃക്കാക്കര മാതൃക പിന്തുടരാൻ കോൺഗ്രസ്. സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ‘കല്ലുകടിയുണ്ടാകാതെ’യുള്ള പ്രവർത്തനങ്ങളാകും ഉണ്ടാകുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെ മത്സരിപ്പിച്ച് വൻ വിജയം നേടിയതുപോലെ പുതുപ്പള്ളിയിലും കൃത്യമായ പ്രവർത്തനമാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്.
ഉമ്മൻ ചാണ്ടിയെന്ന വികാരംകൊണ്ട് പുതുപ്പള്ളിയിൽ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരിൽ നടക്കുന്ന അനുശോചന യോഗങ്ങളിലൂടെ പാർട്ടി സംവിധാനം ശക്തിപ്പെടുത്താനും ബലഹീനതകൾ പരിഹരിക്കാനുമുള്ള നീക്കങ്ങളിലേക്കും പാർട്ടി കടക്കും.കോട്ടയത്തും പുതുപ്പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്മാരകം നിർമിക്കാനുള്ള നടപടികളും സ്വീകരിക്കും. ചില നേതാക്കളുടെ പരസ്യപ്രസ്താവനകൾ ആശയക്കുഴപ്പം സൃഷ്ടിച്ചെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.