സർക്കാറിന് താക്കീത്
text_fieldsപുതുപ്പള്ളിയിൽ ഇടതുമുന്നണിയുടെ തോൽവി കടുത്ത പുനരാലോചനകൾക്ക് കാരണമാകുമെന്നുറപ്പ്. വെറും സഹതാപ തരംഗമോ ബി.ജെ.പിയിൽനിന്ന് അടർന്നുപോയ വോട്ടുകളോ അല്ല ചാണ്ടി ഉമ്മന്റെ വൻ ഭൂരിപക്ഷത്തിനുപിന്നിലെന്ന് മറ്റേതുപാർട്ടിയേക്കാൾ വ്യക്തമായി സി.പി.എമ്മിന് അറിയാം. അതിനാൽത്തന്നെ പാർട്ടിയുടെ രീതികളിൽ മാറ്റം വരണമെന്നതിൽ സി.പി.എമ്മിൽ കാര്യമായ ചർച്ചയുണ്ടാകും. രാജ്യം പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ പ്രതിബദ്ധതയുള്ള ഒരു പാർട്ടിക്കും ഈ തിരിച്ചടി കണ്ടില്ലെന്നു നടിക്കാനാവില്ല. സർക്കാറിനെതിരായ ജനവികാരം ശക്തമായി നിലവിലുണ്ടെന്ന് പഠിപ്പിക്കുന്നതാണ് തോൽവിയെന്ന് പാർട്ടിയുടെ വിവിധ ഘടകങ്ങളിലും ചർച്ചയുണ്ടാകും. പ്രത്യേകിച്ചും സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ ആരോപണങ്ങൾ ഉയർന്നുനിന്ന സാഹചര്യത്തിൽ. സർക്കാറിന് ഈ ജയവും തോൽവിയും ബാധകമാകില്ലെങ്കിൽപോലും മുഖ്യമന്ത്രി തന്നെ മുന്നിൽനിന്ന് പ്രചാരണം നയിച്ച തെരഞ്ഞെടുപ്പിനെ പാർട്ടിയും മുന്നണിയും ഏറെ ഗൗരവമായാണ് നേരിട്ടത്.
സർക്കാറിന്റെ കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും മോശമായ കാലഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്വജനപക്ഷപാതത്തിന്റെ പേരിലും അഴിമതിയുടെ പേരിലും ഇത്രമാത്രം ആരോപണങ്ങൾ നേരിട്ട കാലം ഉണ്ടായിട്ടില്ല. എന്നിട്ടുപോലും സി.പി.എമ്മിന്റെ പാർട്ടിവോട്ടുകളിൽ കുറവുവന്നിട്ടില്ലെന്നത് നേതൃത്വത്തിന് ആശ്വാസകരമാണ്. സി.പി.എം പ്രവർത്തകർപോലും ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്ന കോൺഗ്രസ് അവകാശവാദത്തിൽ കഴമ്പില്ലെന്ന് സാരം. അതേസമയം, സർക്കാറിനെതിരായ ജനവികാരം പ്രതിഫലിക്കുന്നുവെന്നത് വ്യക്തം.
തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോടുള്ള സഹതാപ തരംഗം മുഖ്യഘടകമായിരുന്നുവെങ്കിലും ഇത്രവലിയ ഭൂരിപക്ഷം യു.ഡി.എഫ് പോലും പ്രതീക്ഷിച്ചില്ല. സർക്കാറിനെതിരെ ജനവികാരമുണ്ടെങ്കിൽ മാത്രമേ ഭൂരിപക്ഷം ഉയരൂവെന്നും അവർ കണക്കാക്കി. 53 വർഷം നിയോജക മണ്ഡലത്തിന്റെ അധിപനായിരുന്ന ഉമ്മൻ ചാണ്ടിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടണമെങ്കിൽ ഉമ്മൻ ചാണ്ടി ഫാക്ടർ മാത്രം മതിയാകില്ലെന്ന് ആർക്കും മനസ്സിലാകും. ഉമ്മൻ ചാണ്ടിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച 2011ലും (33,255 വോട്ട്) തുടർന്ന് 2016ലും (27,092 വോട്ട്) യു.ഡി.എഫിൽ മാണി ഗ്രൂപ് നിറസാന്നിധ്യമായിരുന്നു. 2021ൽ മാണി ഗ്രൂപ്പില്ലാതെ യു.ഡി.എഫ് മത്സരിച്ചപ്പോൾ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു (9044 വോട്ട്). മാണി ഗ്രൂപ്പില്ലാത്ത അവസ്ഥയിൽ, കോൺഗ്രസിന് വേണ്ടത്ര സംഘടന സംവിധാനമില്ലാത്ത മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ സഹതാപ തരംഗം ആഞ്ഞടിച്ചാൽപോലും ചാണ്ടി ഉമ്മന് കഷ്ടിച്ചൊരു വിജയമേ ഉണ്ടാകാനിടയുള്ളൂവെന്നാണ് ഇടതുമുന്നണി നേതൃത്വവും കണക്കാക്കിയിരുന്നത്. അതിനെ മറികടക്കാൻ സർക്കാറിന്റെ മുഴുവൻ സംവിധാനവും മന്ത്രിമാരും വിന്യസിക്കപ്പെട്ടു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കിമാറ്റാനും ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദംപോലും ചർച്ചാവിഷയമാക്കാനും ഇടതുമുന്നണി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
സി.പി.എമ്മിന് കിട്ടിയതിനേക്കാൾ വലിയ തിരിച്ചടി മാണി ഗ്രൂപ്പിനാണ്. കോട്ടയം ജില്ലയിൽ പൊതുവേയും പുതുപ്പള്ളിയിൽ പ്രത്യേകിച്ചും വലിയ സ്വാധീനമുണ്ടെന്ന് കരുതപ്പെടുന്ന പാർട്ടിയാണത്. രണ്ടുപഞ്ചായത്തുകളിൽ നിർണായക സ്വാധീനമുണ്ടെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഈ പഞ്ചായത്തുകളിലും ഇടതുമുന്നണിയുടെ പ്രകടനം ദയനീയമായി. പാർട്ടിയുടെ പ്രസക്തി പോലും ചോദ്യം ചെയ്യപ്പെടുകയും വിലപേശൽ ശക്തിയെ കാര്യമായി ബാധിക്കുകയും ചെയ്യും.
ബി.ജെ.പിയുടെ തകർച്ച പ്രകടമാണ്. 2016ൽ പുതുപ്പള്ളിയിൽ 15,993 വോട്ട് നേടിയ പാർട്ടിയാണത്. 2021ൽ 11,624 ആയി കുറഞ്ഞു. ഇക്കുറിയാകട്ടെ 6558 മാത്രം. വോട്ടുചോർച്ച എങ്ങോട്ടാണെന്ന ചർച്ച നടക്കുമ്പോൾത്തന്നെ പാർട്ടിയുടെ ഘട്ടംഘട്ടമായുള്ള ശക്തിക്ഷയം മണ്ഡലത്തിൽ പ്രകടമാണ്. അതേസമയം, മധ്യ തിരുവിതാംകൂർ മേഖലയിൽ ഇടക്കാലത്തുണ്ടായ ശക്തിക്ഷയം ഈ തെരഞ്ഞെടുപ്പോടെ പരിഹരിക്കപ്പെട്ടുവെന്ന ചർച്ച യു.ഡി.എഫിൽ ഉയർന്നുതുടങ്ങിയിട്ടുണ്ട്. അതിനാൽ മുന്നണിയുടെ ആത്മവിശ്വാസം വർധിക്കുകയും ഘടകകക്ഷികളുടെ കെട്ടുറപ്പ് കൂടുകയും ചെയ്യുമെന്ന പ്രതീക്ഷ കോൺഗ്രസ് നേതൃത്വത്തിനുണ്ട്. പ്രവർത്തക സമിതി പുനഃസംഘടന സംബന്ധിച്ച അസംതൃപ്തി നിലനിൽക്കുമ്പോൾ പോലും കോൺഗ്രസ് നേതൃത്വം കാട്ടിയ ഒരുമയിൽ ഘടകകക്ഷികൾ പ്രത്യേകിച്ച്, മുസ്ലിം ലീഗ് തൃപ്തരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.