പുതുപ്പള്ളിക്ക് പുതു നായകൻ; ചാണ്ടി ഉമ്മന്‍റെ വിജയം റെക്കോർഡ് ഭൂരിപക്ഷത്തിൽ
text_fieldsകോട്ടയം: ആരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 53 വർഷം പുതുപ്പള്ളിയുടെ എം.എൽ.എയായിരുന്ന ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ. 37719 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. മത്സരിച്ച 12 തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടി നേടിയ ഏറ്റവും കൂടുതൽ ഭൂരിപക്ഷമായ 2011ലെ 33255 വോട്ട് ചാണ്ടി ഉമ്മൻ മറികടന്നു.
ആകെ പോൾ ചെയ്ത 1,28,535 വോട്ടിൽ ചാണ്ടി ഉമ്മൻ 80144 വോട്ടും ജെയ്ക് 42425 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ട് പിടിച്ചു. ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -835, സന്തോഷ് പുളിക്കൽ (സ്വത.) - 78, ഷാജി (സ്വത.) - 63, പി.കെ.ദേവദാസ് (സ്വത.) -60 എന്നിങ്ങനെയാണ് മത്സരിച്ച മറ്റ് സ്ഥാനാർഥികൾ നേടിയ വോട്ടുകൾ. നോട്ടക്ക് 400 വോട്ടും കിട്ടി. പോസ്റ്റൽ വോട്ടിലും ചാണ്ടി ഉമ്മൻ ലീഡ് നേടി. ചാണ്ടിക്ക് 1495ഉം ജെയ്ക്കിന് 443ഉം ലിജിൻ ലാലിന് 72ഉം വോട്ടുകൾ ലഭിച്ചു.
ബി.ജെ.പി നിലംപരിശായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 2021മായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പിയുടെ വോട്ട് ഇത്തവണ പകുതിയായി കുറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി ലിജിൻ ലാൽ പിടിച്ചത് 6447 വോട്ട് മാത്രമാണ്. മൊത്തം വോട്ടിന്‍റെ 5.05 ശതമാനം വരുമിത്. 2021 തെരഞ്ഞെടുപ്പിൽ 11694 വോട്ടാണ് ബി.ജെ.പി സ്ഥാനാർഥി നേടിയത്. അന്ന് ബി.ജെ.പി കോട്ടയം ജില്ല പ്രസിഡന്‍റ് എൻ. ഹരിയായിരുന്നു സ്ഥാനാർഥി.
തകർപ്പൻ വിജയം നേടിയ ചാണ്ടി ഉമ്മൻ എൽ.ഡി.എഫ് ഭരണത്തിലുള്ള പുതുപ്പള്ളി, പാമ്പാടി, വാകത്താനം, അകലക്കുന്നം, മണർകാട്, കൂരോപ്പട എന്നീ ആറു പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടി. കൂടാതെ, യു.ഡി.എഫ് ഭരണത്തിലുള്ള മീനടം, അയർകുന്നം പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ ലീഡ് പിടിച്ചു.
അതേസമയം, ഇടത് സ്ഥാനാർഥി ഒറ്റ ബൂത്തിൽ മാത്രമാണ് ലീഡ് നേടിയത്. മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിൽ 165 വോട്ടിന്‍റെ ലീഡ് ജെയ്ക് പിടിച്ചു. കൂടാതെ, സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി.എൻ വാസവന്‍റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി.എൻ വാസവന്‍റെ ബൂത്തിൽ 241 വോട്ട് മാത്രമാണ് ജെയ്ക്കിന് ലഭിച്ചത്.
പുതുപ്പള്ളിയിൽ 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടന്നത്. ഇതിൽ രണ്ടായിരത്തിലധികം വോട്ടുകൾ വീതം ഓരോ റൗണ്ടിലും ചാണ്ടി ഉമ്മൻ ലീഡ് നേടി. ആദ്യ റൗണ്ടിൽ ലീഡ് -2816, രണ്ടാം റൗണ്ടിൽ ലീഡ് -2671, മൂന്നാം റൗണ്ടിൽ ലീഡ് -2911, നാലാം റൗണ്ടിൽ ലീഡ് -2962, അഞ്ചാം റൗണ്ടിൽ ലീഡ് -2989, ആറാം റൗണ്ടിൽ ലീഡ് -2515, ഏഴാം റൗണ്ടിൽ ലീഡ് -2767, എട്ടാം റൗണ്ടിൽ ലീഡ് -2949, ഒമ്പതാം റൗണ്ടിൽ ലീഡ് -2806, പത്താം റൗണ്ടിൽ ലീഡ് -3133, പതിനൊന്നാം റൗണ്ടിൽ ലീഡ് -2510, പന്ത്രണ്ടാം റൗണ്ടിൽ ലീഡ് -2488, പതിമൂന്നാം റൗണ്ടിൽ ലീഡ് -2937, എന്നിങ്ങനെയാണ് ലീഡ് നില.
എൽ.ഡി.എഫ് സ്ഥാനാർഥിയായ ജെയ്ക് സി. തോമസിന്‍റെ മൂന്നാമത്തെ പരാജയമാണ് ഇത്തവണത്തേത്. 2016ലും 2021ലും ഉമ്മൻചാണ്ടിയോട് യഥാക്രമം 27,092ഉം 9,044ഉം വോട്ടിനായിരുന്നു പരാജയം.
Live Updates
- 8 Sept 2023 12:09 PM IST
ചാണ്ടി ഉമ്മന്‍റെ ലീഡ് നില
ആദ്യ റൗണ്ടിൽ ലീഡ് -2816
രണ്ടാം റൗണ്ടിൽ ലീഡ് -2671
മൂന്നാം റൗണ്ടിൽ ലീഡ് -2911
നാലാം റൗണ്ടിൽ ലീഡ് -2962
അഞ്ചാം റൗണ്ടിൽ ലീഡ് -2989
ആറാം റൗണ്ടിൽ ലീഡ് -2515
ഏഴാം റൗണ്ടിൽ ലീഡ് -2767
എട്ടാം റൗണ്ടിൽ ലീഡ് -2949
ഒമ്പതാം റൗണ്ടിൽ ലീഡ് -2806
പത്താം റൗണ്ടിൽ ലീഡ് -3133
- 8 Sept 2023 11:19 AM IST
‘‘ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്ത കടുത്ത നെറികേടുകൾക്ക് കേരളം നൽകിയ മധുര പ്രതികാരമാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ വിജയം. സഖാക്കൾക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാൻ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നത്?’’ -പി.എം.എ സലാം
- 8 Sept 2023 10:49 AM IST
ചാണ്ടി ഉമ്മന്‍റെ ലീഡ് നില
- ആദ്യ റൗണ്ടിൽ ലീഡ് -2816
- രണ്ടാം റൗണ്ടിൽ ലീഡ് -2671
- മൂന്നാം റൗണ്ടിൽ ലീഡ് -2911
- നാലാം റൗണ്ടിൽ ലീഡ് -2962
- അഞ്ചാം റൗണ്ടിൽ ലീഡ് -2989
- ആറാം റൗണ്ടിൽ ലീഡ് -2515
- ആദ്യ റൗണ്ടിൽ ലീഡ് -2816
- 8 Sept 2023 10:33 AM IST
അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി സ്വീകരിച്ചെന്ന് മറിയ ഉമ്മൻ
അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് സഹോദരി മറിയ ഉമ്മൻ പ്രതികരിച്ചു. ഇനി പൂർണ ഫലത്തിനായി കാത്തിരിക്കുകയാണ്. ശുഭപ്രതീക്ഷയാണുള്ളത്. യാതൊരുവിധ സംശയവുമില്ല. ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കുടുംബത്തിന്റെയും പാർട്ടിയുടെയും പ്രതീക്ഷ മറിയ ഉമ്മൻ പറഞ്ഞു.
- 8 Sept 2023 10:19 AM IST
ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന് കെ. സുധാകരൻ
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍റെ ലീഡ് ഇനിയും ഉയരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടും. പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദിയെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
- 8 Sept 2023 10:13 AM IST
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മുഖത്തുള്ള പ്രഹരമാണ് ഈ വിജയം -അച്ചു ഉമ്മൻ
‘‘ഉമ്മൻ ചാണ്ടി പിന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് നൽകിയ യാത്രാമൊഴിയേക്കാൾ വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻചാണ്ടിക്ക് നൽകിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിനുശേഷവും അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ വേട്ടയാടിയവർക്ക് മുഖത്തുള്ള പ്രഹരമാണ് ഈ വിജയം’’ -അച്ചു ഉമ്മൻ
- 8 Sept 2023 10:11 AM IST
ഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമെന്ന് രമേശ് ചെന്നിത്തല
ഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും കോൺഗ്രസിനും ലഭിക്കുന്നത്. മുഖ്യമന്ത്രി കൂടുതൽ ദിവസം പുതുപ്പള്ളിയിൽ കാമ്പയിൻ ചെയ്തിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
- 8 Sept 2023 9:51 AM IST
ഇടതുപക്ഷം ജയിച്ചാൽ അത് ലോകാദ്ഭുതങ്ങളിലൊന്നാണ് -എ.കെ ബാലൻ
‘‘ഇതിൽ ഒരു അദ്ഭുതം ഒന്നും ഇപ്പോൾ കാണുന്നില്ല. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലം, ഒരു ഘട്ടത്തിൽ 33000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ്. ഇടതുപക്ഷം ജയിച്ചാൽ അത് ലോകാദ്ഭുതങ്ങളിലൊന്നാണ്’’ -എ.കെ ബാലൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.