കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ‘ചെമ്പ്’ ഓർമയില്ലേ? പുതുപ്പള്ളി മണ്ഡലത്തിന്‍റെ സ്ഥിതി എല്ലാവർക്കും അറിയാം -പിണറായി
text_fieldsകോട്ടയം: നിരന്തരം വാർത്തകൾ നൽകിയാൽ സർക്കാർ ഒറ്റപ്പെട്ടുപോകുമെന്നാണ് മാധ്യമങ്ങളുടെ ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുകൂട്ടം മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തി. ഇവർക്ക് ഇപ്പോഴും ജനങ്ങളെ അറിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ‘ചെമ്പ്’ ഓർമയില്ലേ? 99 സീറ്റും തന്നാണ് ജനങ്ങൾ വീണ്ടും അധികാരത്തിൽ എത്തിച്ചത്- പിണറായി പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്.സി തോമസിന്‍റെ പ്രചാരണാർഥം പുതുപ്പള്ളിയിലും അയർക്കുന്നത്തും നടന്ന പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുതുപ്പള്ളി മണ്ഡലത്തിന്‍റെ സ്ഥിതി എല്ലാവർക്കും അറിയാം. പലകാര്യങ്ങളിലും വ്യക്തതയുണ്ടാക്കുന്ന തെരഞ്ഞെടുപ്പാണിത്. പുതുപ്പള്ളിയിലെ വികസനം മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരള വികസനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന യു.ഡി.എഫ് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാറിനെതിരെ മിണ്ടുന്നില്ല. കേന്ദ്രസർക്കാറിനെതിരായ നിവേദനത്തിൽ ഒപ്പുവെക്കാൻ പോലും യു.ഡി.എഫ് എം.പിമാർ തയാറായിട്ടില്ല. നേരിയ വിമർശനം പോലും യു.ഡി.എഫ് എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
‘കിടങ്ങൂർ മോഡൽ ബി.ജെ.പി-കോൺഗ്രസ് സഖ്യം പുതുപ്പള്ളിയിലും കൊണ്ടുവരാൻ യു.ഡി.എഫ് ശ്രമം’
ബി.ജെ.പിക്കെതിരെ കോൺഗ്രസ് ശബ്ദിക്കാത്തത് ഒത്തുകളിയുടെ ഭാഗമായിട്ടാണ്. കിടങ്ങൂർ കൂട്ടുകെട്ടും ഇതിന്‍റെ ഫലമാണ്. കിടങ്ങൂർ മോഡൽ ബി.ജെ.പി-കോൺഗ്രസ് സഖ്യം പുതുപ്പള്ളിയിലും കൊണ്ടുവരാൻ യു.ഡി.എഫ് ശ്രമിക്കുകയാണ്. കിടങ്ങൂരെന്നത് ഒറ്റപ്പെട്ട പേരല്ല, നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത അനുവദിക്കരുത്. സംഘ്പരിവാർ അജണ്ടകളെ കേരളം തടഞ്ഞു. വെറുതെ പറയുകയല്ല. പ്രവൃത്തിയിലൂടെ തെളിയിച്ചു. നാടിനോട് പ്രതിബന്ധതയുണ്ടെങ്കിലെ വികസനമുണ്ടാവുകയുള്ളൂ. കേരളത്തിലെ എല്ലാ പ്രദേശങ്ങളും വികസനത്തിന്‍റെ സ്വാദറിയണം. മറ്റ് മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വികസനം കാര്യമായി എത്തിയില്ലെന്ന് പറയുന്ന പുതുപ്പള്ളിയിലും നല്ല സ്കൂളുകളുണ്ട്. അത് സംസ്ഥാന സർക്കാർ ചെലവഴിച്ചതാണ്. കേന്ദ്രം കേരളത്തെ വലിയ തോതില്‍ അവഗണിക്കുന്നു. നികുതി വിഹിതം വെട്ടിക്കുറച്ചതായും പിണറായി പറഞ്ഞു.
രാജ്യത്ത് ഭക്ഷണത്തിന്‍റെ പേരില്‍ ആളുകളെ കൊല്ലുന്ന സ്ഥിതിയാണുള്ളത്. കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍, സമീപകാല കാര്യങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് അത്തരത്തിലൊരു നിലപാടില്ലെന്ന് മനസ്സിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.