തിരുത്തൽ സന്ദേശം
text_fieldsതിരുവനന്തപുരം: പുതുപ്പള്ളി ഫലം പ്രതീക്ഷിച്ചതുതന്നെയെങ്കിലും സഹതാപത്തിനപ്പുറം സർക്കാറിന്റെ നയ നിലപാടുകളിൽ തിരുത്തൽ വേണമെന്ന സന്ദേശമാണ് റെക്കോഡ് ഭൂരിപക്ഷം നൽകുന്നത്. നിഷ്പക്ഷമതികളുടെയും സി.പി.എമ്മിന്റെ തന്നെ ചില ഉറച്ച വോട്ടുകളും ചാണ്ടി ഉമ്മന്റെ പെട്ടിയിൽ വീണു. അടിത്തറക്ക് അശേഷം ഇളക്കംതട്ടിയിട്ടില്ലെന്ന പതിവ് അവകാശവാദത്തിനപ്പുറം ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്ന പുതുപ്പള്ളി ഫലം ഇടതുമുന്നണിക്കും സർക്കാറിനും ശക്തമായ താക്കീത് കൂടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഏഴു വർഷമായി ഭരണത്തിന് പുറത്തുള്ള യു.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നു ഈ ഫലം. മോദി സർക്കാറിന്റെ നേട്ടങ്ങൾ ഉയർത്തിയ ബി.ജെ.പിക്ക് സ്വന്തം വോട്ട് പോലും പെട്ടിയിലാക്കാൻ കഴിഞ്ഞില്ല. ക്രൈസ്തവ സമൂഹത്തെ ഒപ്പം നിർത്തി കേരളം പിടിക്കാൻ മോഹിച്ചിറങ്ങിയ ബി.ജെ.പിക്ക് മണിപ്പൂർ അടക്കം മുന്നിൽ നിൽക്കെ കനത്ത ആഘാതമാണുണ്ടായത്.
തദ്ദേശ സ്ഥാപനങ്ങളിലെ മേൽക്കൈയും ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ തവണ വെള്ളം കുടിപ്പിച്ച ജെയ്ക്കിന്റെ സ്ഥാനാർഥിത്വവും സഭാതർക്കം അടക്കം ഘടകങ്ങളും ഉപയോഗപ്പെടുത്തി ഒരു കൈ നോക്കാനാണ് സി.പി.എം ശ്രമിച്ചത്. വികസന വായ്ത്താരികൾ വിലപ്പോയില്ല. പുതുപ്പള്ളിക്ക് വികസനമില്ലെന്ന പ്രചാരണം, അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം, ചികിത്സാ വിവാദം എന്നിവയൊന്നും ഗുണമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്വാഭാവികമായും ഭരണ വിലയിരുത്തലാകും ഫലമെന്ന് ഭരണപക്ഷത്തിന് പറയേണ്ടിവരും. അങ്ങനെയൊരു സാഹസത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്നില്ലെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. സർക്കാറിനെതിരായ വിധിയെഴുത്തെന്ന് അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് അവകാശപ്പെടാം. അടിത്തറയെ ബാധിച്ചില്ല, പരാജയ കാരണം സഹതാപം, ബി.ജെ.പിക്ക് അവരുടെ വോട്ട് കിട്ടിയിട്ടില്ല തുടങ്ങി തൃക്കാക്കരക്ക് സമാനമായി സി.പി.എം ന്യായങ്ങൾ ആവർത്തിക്കുന്നുണ്ട്. തൃക്കാക്കരയിൽനിന്ന് അവർ പാഠമൊന്നും പഠിച്ചില്ലെന്ന് കരുതണം.
ആരോപണങ്ങളും ദുസ്സഹമായ വിലക്കയറ്റവും നടുവൊടിച്ച നികുതി വർധനയും വൈദ്യുതി-വെള്ളക്കര വർധനയും നേതാക്കളുടെ ജനങ്ങളോടുള്ള സമീപനവുമൊക്കെ പരാജയത്തിന്റെ ആഘാതം വർധിപ്പിച്ചിട്ടുണ്ട്.
മികച്ച സ്ഥാനാർഥിയായിട്ടും രാഷ്ട്രീയ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടാത്ത തോൽവിയാണ് ഒരേ മണ്ഡലത്തിൽ മൂന്നാം തവണയും ജെയ്ക് സി. തോമസിനുണ്ടായത്. ഇടതുപക്ഷം വികസനമാണ് പ്രധാനമായി ഉയർത്തിയതെങ്കിലും കൃത്യമായ പദ്ധതികൾ മുന്നോട്ട് വെക്കാനായില്ല.
മധ്യകേരളത്തിൽ കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം ഉണ്ടാക്കിയ പ്രതിഫലനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വ്യക്തമായിരുന്നു. എന്നാൽ, കേരള കോൺഗ്രസ് കോട്ടകളൊന്നും ഇക്കുറി ഇടതിനെ തുണച്ചില്ല. സഭാ തർക്കമാണ് ഉമ്മൻ ചാണ്ടിക്ക് 2021ൽ വലിയ ആഘാതമായത്. ഇക്കുറി ഇടതുമുന്നണിക്ക് അതിന്റെ ഗുണഭോക്താവാകാൻ സാധിച്ചില്ല.
തുടക്കം മുതൽ ഒടുക്കംവരെ ചാണ്ടി ഉമ്മൻ
കോട്ടയം: വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും പിന്നിൽ പോകാതെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ആദ്യം എണ്ണിയ അയർക്കുന്നം പഞ്ചായത്തിൽതന്നെ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിലെത്തി. തുടർ റൗണ്ടുകളിലും മുന്നേറ്റം തുടർന്നതോടെ എല്ലാ കണ്ണുകളും കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് മുന്നിലെത്തിയ മണർകാട് പഞ്ചായത്തിലേക്കായി. എന്നാൽ, ഇവിടെയും ചാണ്ടി കുതിപ്പ് തുടർന്നതോടെ എൽ.ഡി.എഫ് പ്രതീക്ഷകളും അസ്തമിച്ചു.
വോട്ടെണ്ണലിന്റെ നാലാം റൗണ്ടിൽ കഴിഞ്ഞ തവണത്തെ ഉമ്മൻ ചണ്ടിയുടെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നിരുന്നു. 9044 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി നേടിയത്. 12ാം റൗണ്ടിൽ ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് ഭൂരിപക്ഷവും ചാണ്ടി ഉമ്മൻ പിന്നിട്ടു. 2011ൽ സുജ സൂസൻ ജോർജിനെതിരെ നേടിയ 33,255 വോട്ടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. മണ്ഡലത്തിൽ ആകെ 182 ബൂത്തിൽ 181 ഇടത്തും യു.ഡി.എഫിനാണ് ഭൂരിപക്ഷം. ഒരിടത്തുമാത്രമാണ് എൽ.ഡി.എഫ് മുന്നിലെത്തിയത്.
ആവേശാരവങ്ങളിൽ ഇളകിമറിഞ്ഞ് ഇന്ദിര ഭവൻ
തിരുവനന്തപുരം: പുതുപ്പള്ളിയിലെ വിജയത്തിൽ പടർന്നുനിറഞ്ഞ ആവേശാരവങ്ങളിൽ ഇളകിമറിഞ്ഞ് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവൻ. ഫലപ്രഖ്യാപനം തുടങ്ങിയത് മുതല് നേതാക്കളുടെയും പ്രവര്ത്തകരുടെയും ഒഴുക്കായിരുന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമടക്കം ഉത്സവനിറവ്.
രാവിലെ എട്ടോടെ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ജീവനക്കാരും ഏതാനും പ്രവർത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. നല്ല ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ് ക്യാമ്പ്. ഓഫിസിലെ പ്രധാന ഹാളിൽതന്നെ ടി.വിയും നേതാക്കൾക്ക് ഇരിക്കാൻ ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. ക്രമേണ പ്രവർത്തകർ കൂടിവന്നു. രമേശ് ചെന്നിത്തലയും എം.എം. ഹസനും കൊടിക്കുന്നില് സുരേഷ് എം.പിയുമടക്കം നേതാക്കൾ ടി.വിക്ക് മുന്നിൽ കണ്ണും നട്ടിരുന്നു. അനുനിമിഷം ചാണ്ടി ഉമ്മന്റെ ലീഡ് വര്ധിക്കുമ്പോൾ മുദ്രാവാക്യം വിളികളുയർന്നു, ആരവങ്ങൾ കനംവെച്ചു. പിന്നാലെ പൂത്തിരിയും പടക്കവും മധുരപലഹാരവും. ആഘോഷങ്ങളിൽ നേതാക്കളും ഒപ്പം കൂടി. വിജയം പ്രഖ്യാപിച്ചതോടെ പ്രവർത്തകർ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക്. ഇവിടെ പായസം വെച്ച് വിതരണവും നടന്നു. ഇതോടെ സമരഗേറ്റിലും ആഹ്ലാദത്തിന്റെ പൊടിപൂരം.
ആഹ്ലാദാരവങ്ങളിലും പ്രാർഥനയിലും നിറഞ്ഞ് വീടും പള്ളിയും
കോട്ടയം: മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു പുതുപ്പള്ളിയിലെ ജോർജിയൻ പബ്ലിക് സ്കൂളിന് എതിർവശത്തെ ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീടും സെൻറ് ജോർജ് വലിയ പള്ളിയും. സാധാരണ വോട്ടെടുപ്പുദിനത്തിൽ സഹോദരി വത്സമ്മയുടെ വീട്ടിലെത്തിയശേഷം സ്കൂളിൽ പോയി വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന പതിവായിരുന്നു ഉമ്മൻ ചാണ്ടിക്ക് എങ്കിൽ വെള്ളിയാഴ്ച സ്ഥിതി ആകെ മാറി. മണലുംഭാഗം വീട്ടിൽ വെള്ളിയാഴ്ച രാവിലെ മുതൽ വലിയ തിരക്കായിരുന്നു.
പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും സഹോദരങ്ങളായ മറിയവും അച്ചുവും മാതാവ് മറിയാമ്മയുമെല്ലാം ഈ വീട്ടിലിരുന്ന് വോട്ടെണ്ണൽ ടി.വിയിൽ കാണുന്നതിന്റെയും പ്രാർഥനയുടെയും തിരക്കിലായിരുന്നു. ഇവർ വീട്ടിനുള്ളിലായിരുന്നു എങ്കിലും പുറത്ത് പ്രവർത്തകർക്ക് അപ്പപ്പോൾ ടി.വിയിൽ ഫലം കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ ചാണ്ടി ലീഡ് നിലനിർത്തിയതോടെ ആവേശം കൂടി.
പ്രവർത്തകർ വാഹനങ്ങളിൽ ഈ വീട്ടിലേക്ക് ഒഴുകിയെത്തി. പ്രവർത്തകർ കൂടുതലായി എത്തിയതോടെ മറിയം ഉമ്മൻ വീടിന് പുറത്തിറങ്ങി പ്രവർത്തകർക്കൊപ്പം ടി.വി കണ്ടു. ഒപ്പം കൈയിൽ പിതാവിന്റെ ചിത്രവുമുണ്ടായി. ഇതിനിടയിൽ ചാണ്ടി ഉമ്മനും മാതാവും പ്രാർഥനയും തുടർന്നു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വർധിക്കുന്നതിനനുസരിച്ച് പ്രവർത്തകർ വീട്ടിലേക്ക് ഒഴുകിയെത്തി. ലീഡ് മുപ്പതിനായിരത്തിനോട് അടുക്കാറായപ്പോൾ പ്രവർത്തകരുടെ ആവേശം വാനോളം. ഇതിനിടയിൽ പുറത്തുവന്ന അച്ചു ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പിന്നാലെ ചാണ്ടി ഉമ്മൻ മാതാവിൽനിന്ന് അനുഗ്രഹം വാങ്ങി പുറത്തേക്ക്. അപ്പോഴേക്കും ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് ഭൂരിപക്ഷം ഭേദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.