പുതുപ്പള്ളി വിധി ജനവിരുദ്ധ ഭരണത്തിനേറ്റ പ്രഹരം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന വെൽഫെയർ പാർട്ടിയുടെ നിലപാടിനെ ശരിവെക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇടതു സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിന് ജനം നൽകിയ പ്രഹരമാണ് ഈ വിധി. വർഗീയതയും വിഭാഗീയതയും പരത്തി വിദ്വേഷം ഊതിക്കാച്ചി തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിൽനിന്ന് ഭിന്നമായി വികസനവും സർക്കാറിന്റെ ഭരണനേട്ടങ്ങളും വിലയിരുത്തി വോട്ട് രേഖപ്പെടുത്തണം എന്ന പ്രചാരണമാണ് ഇടതുപക്ഷം നടത്തിയത്. ഈ കാമ്പയിന് മുഖ്യമന്ത്രി നേരിട്ടാണ് നേതൃത്വം നൽകിയത്. ഈ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള വികാരവായ്പിനൊപ്പം ഭരണത്തിനെതിരായ തിരിച്ചടിയായി കൂടി ജനവിധിയെ മനസ്സിലാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസും കുടുംബാംഗങ്ങളും ചേർന്ന് നടത്തുന്ന അഴിമതികൾ, മാസപ്പടി, സർക്കാർ സംവിധാനങ്ങളുടെയും ഭരണപ്പാർട്ടിയുടെയും ധാർഷ്ട്യ നിലപാടുകൾ, പൊലീസിന്റെ അഴിഞ്ഞാട്ടം, ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ, സ്ത്രീ സുരക്ഷയിൽ വരുത്തുന്ന വീഴ്ചകൾ, ജനകീയ സമരങ്ങളോടും നേതാക്കളോടുമുള്ള നിഷേധ നിലപാട്, ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, നികുതി വർധനവ്, വൈദ്യുതി, കുടിവെള്ളം എന്നിവയിൽ വരുത്തിയ വർധനവ് തുടങ്ങി സാധാരണക്കാരന്റെ ജീവിതം അതീവ ദുഷ്കരമാക്കുന്ന നടപടികളാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചു വന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, കാരുണ്യ-മെഡിസെപ് ആരോഗ്യ ഇൻഷുറൻസുകൾ, സൗജന്യ ഭക്ഷ്യ പദ്ധതികൾ തുടങ്ങി ജനോപകാരപ്രദമായ നിരവധി പദ്ധതികൾ സർക്കാർ അനാസ്ഥ മൂലം പ്രതിസന്ധിയിലായി. ഇതിനോടെല്ലാമുള്ള ജനങ്ങളുടെ രോഷം തെരഞ്ഞെടുപ്പ് വിധിയിൽ വ്യക്തമാണ്. ഇത്തരമൊരു സാഹചര്യം പുതുപ്പള്ളിയിൽ പ്രകടമായിരുന്നിട്ടും ഇടതുപക്ഷം വൻ കുതിപ്പ് ഉണ്ടാക്കും എന്ന് അവകാശപ്പെട്ട നേതാക്കൾക്ക് ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ കഴിയുന്നില്ല എന്നാണ് മനസ്സിലാകുന്നത്.
തങ്ങളുടെ വോട്ട് നില വർധിപ്പിക്കുമെന്ന അവകാശവാദത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പുതുപ്പള്ളിയിലെ ജനത വൻ തിരിച്ചടിയാണ് നൽകിയത്. സംഘപരിവാർ ഇന്ത്യയിൽ നടപ്പാക്കിക്കൊകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ബി.ജെ.പിയുടെ വോട്ടുനില മുമ്പത്തേക്കാളും താഴേക്ക് കൊണ്ടുപോയത്. സംഘ്പരിവാർ രാഷ്ട്രീയത്തിന് കേരളം ഇടം നൽകുകയില്ല എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. നിലവിലുള്ള സാഹചര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് രാഷ്ട്രീയ ജാഗ്രതയോടെ വോട്ട് വിനിയോഗിച്ച പുതുപ്പള്ളിയിലെ വോട്ടർമാരെ പ്രത്യേകമായി അഭിനന്ദിക്കുന്നു. ജനവിധി നൽകിയ താക്കീത് ഉൾക്കൊണ്ട് ജനങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേരള സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.