പുതുവൈപ്പ്: തീരനിയന്ത്രണ മേഖലയിലാണോ നിർമാണമെന്ന് വിദഗ്ധ സമിതി പരിശോധിക്കും
text_fieldsകൊച്ചി: പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ എൽ.പി.ജി ടെർമിനൽ നിർമാണം തീരനിയന്ത്രണ മേഖലയിലാണോ എന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കുമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി.
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പദ്ധതി പ്രദേശ സന്ദർശനത്തിനും സിറ്റിങ്ങിനും ശേഷം സമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയെക്കുറിച്ച വിശദാംശങ്ങളും പരാതികളും ആരോപണങ്ങളും പരിശോധിക്കുകയും ചോദിച്ചറിയുകയും ചെയ്തെന്ന് സമിതി ചെയര്‍മാനും നാഷനല്‍ സെൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) ഡയറക്ടറുമായ ഡോ.എന്‍.
പൂര്‍ണചന്ദ്രറാവു പറഞ്ഞു. സാങ്കേതികവും സാമൂഹികവുമായ എല്ലാ വശങ്ങളും പരിശോധിക്കും. ഐ.ഒ.സി അധികൃതർ, പുതുവൈപ്പ് നിവാസികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം ശേഖരിച്ചിട്ടുണ്ട്.
നേരേത്ത തിരുവനന്തപുരത്ത് ചേർന്ന രണ്ട് യോഗങ്ങളിൽ രേഖകള്‍ പരിശോധിച്ചിരുന്നു. സമിതിയോഗം ചേർന്ന് രേഖകളും അഭിപ്രായങ്ങളും പരിശോധിച്ചശേഷം ഒക്ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് ടൗണ്‍പ്ലാനർ ഈപ്പന് വര്‍ഗീസ്, എൻ.സി.ഇ.എസ്.എസ് മുന്‍ ശാസ്ത്രജ്ഞന് കെ.വി. തോമസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, അസി. കലക്ടര്‍ ഇഷ പ്രിയ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്, എൻ.സി.ഇ.എസ്.എസിലെ ഡോ. കെ.കെ. രാമചന്ദ്രന്, ഡോ. പ്രകാശ്, ഡോ. രമേശന്, ജോണ്‍ മത്തായി എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.