പുതുവൈപ്പ്: പൊലീസ് നടപടി ആസൂത്രിതം; പരക്കെ പ്രതിഷേധം
text_fieldsകൊച്ചി: പുതുവൈപ്പിലെ െഎ.ഒ.സി പാചകവാതക പ്ലാൻറിനെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരായ ക്രൂരമായ പൊലീസ് നടപടി ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. സ്ത്രീകളടക്കമുള്ളവരുടെ തല അടിച്ചുപൊട്ടിച്ച് സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസ് നടപടിയിൽ കക്ഷി, രാഷ്ട്രീയ ഭേദമെന്യേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഇടവേളക്ക് ശേഷം പ്ലാൻറിെൻറ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ ഒരാഴ്ച മുമ്പാണ് ജനകീയ സമരം ശക്തിപ്പെട്ടത്. തുടക്കം മുതൽ സമരത്തെ അടിച്ചമർത്തുന്ന സമീപനമായിരുന്നു പൊലീസിേൻറത്. ബുധനാഴ്ച സമരപ്പന്തൽ ബലമായി പൊളിച്ചുമാറ്റിയ പൊലീസ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മർദിച്ചിരുന്നു. വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും വരെ പ്ലാൻറ് നിർമാണം നിർത്തിവെപ്പിക്കാമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകി.
ഇതോടെ, നഗരത്തിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് പ്രതിഷേധക്കാർ തൽക്കാലം പിന്മാറി. എന്നാൽ, മന്ത്രിയുടെ ഉറപ്പ് ലംഘിച്ച് ഞായറാഴ്ച രാവിലെ നിർമാണ ജോലി പുനരാരംഭിക്കാനുള്ള നീക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്ന സാഹചര്യത്തിൽ നഗരത്തിൽ പ്രതിഷേധം അരങ്ങേറുന്നത് ഒഴിവാക്കാനുള്ള സർക്കാർ തന്ത്രമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ ഇടപെടൽ എന്നതിന് തെളിവാണ് ഞായറാഴ്ചത്തെ പൊലീസ് നടപടിയെന്ന് സമരക്കാർ ആരോപിക്കുന്നു.
ഹൈകോടതി പരിസരത്തടക്കം ഉപരോധം സൃഷ്ടിക്കാനായിരുന്നു സമരക്കാരുടെ നീക്കം. എന്നാൽ, ഇതിനെ എന്തു വിലകൊടുത്തും തടയണമെന്ന നിർദേശമാണ് സർക്കാറിൽനിന്ന് പൊലീസിന് കിട്ടിയതെന്നാണ് സൂചന. ഇതാണ് കാര്യമായ പ്രകോപനമില്ലാതിരുന്നിട്ടും പ്രതിഷേധത്തെ പൊലീസ് ക്രൂരമായി നേരിടാൻ കാരണമത്രെ. സമരക്കാരെ തല്ലിച്ചതക്കാൻ നേതൃത്വം നൽകിയ ഡെപ്യൂട്ടി സിറ്റി പൊലീസ് കമീഷണർ (ഡി.സി.പി) യതീഷ് ചന്ദ്രക്കെതിരെ നടപടിവേണമെന്ന ആവശ്യവും ശക്തമാണ്.ഡി.സി.പിയെ സസ്പെൻഡ് ചെയ്യണമെന്ന് സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.